മലപ്പുറം : ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ് . സമുദായത്തിനൊന്നടങ്കം നാണക്കേടായതോടെയാണ് ആത്മീയ ചികിത്സയെന്ന പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന സ്ഥാപനം പൂട്ടിക്കാൻ മുസ്ലിം യൂത്ത് ലീഗ് രംഗത്തിറങ്ങിയത് .
ആലപ്പുഴ സ്വദേശി ജമാലുദ്ധീന്റെ നേതൃത്വത്തില്‍ ആയിരുന്നു സ്ഥാപനം. കായല്‍പട്ടണം ഔലിയാക്കളുടെ പേരക്കുട്ടി സി.എം ഉസ്താദ് ആണ് താന്‍ എന്ന പേരില്‍ ആയിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്
ജിന്നിനെ വിളിച്ചു വരുത്തി രോഗശാന്തി നല്‍കും, ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളോടെ ആയിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. . നാല് മാസം മുന്‍പാണ് മലപ്പുറം കൊടക്കലില്‍ സ്ഥാപനം ആരംഭിച്ചത്.
ആദ്യം അക്യു പഞ്ചര്‍ ചികിത്സ എന്ന പേരിലായിരുന്നു പ്രവര്‍ത്തനം. തൊലി കളയാതെ ഏത്തപ്പഴം ഉള്ളില്‍ നിന്ന് മുറിച്ചു കൊടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പഴം മുറിച്ചത് ജിന്നാണെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍, ഇതിന്റെ രഹസ്യം സമൂഹമാധ്യമങ്ങളില്‍ പലരും ചുരുളഴിച്ചു. പഴത്തിനുള്ളിലേക്ക് തയ്യല്‍ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാല്‍ ഇതുപോലെ മുറിച്ചെടുക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
















