ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീമുകള്‍ നീല ജേഴ്‌സിയിലേക്ക് തിരികെയെത്തുന്നു. ആഴ്‌ച്ചകള്‍ക്ക് മുമ്പ് നടന്ന ലോകകപ്പ് ഹോക്കിയില്‍ അണിഞ്ഞ നിറത്തിന് പകരമായി മുമ്പ് ഉപയോഗിച്ചുവന്നിരുന്ന നീല ജേഴ്‌സി വീണ്ടും ഉപയോഗിക്കും.
ഹോക്കി ഭാരതം പ്രസിഡന്റ് ദിലീപ് തിര്‍ക്കി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഭാരത സംഘത്തിനായുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് അദ്ദേഹം ഈ തീരുമാനം വ്യക്തമാക്കിയത്. ‘ടീമിന്റെ ജേഴ്‌സി നിറങ്ങളെക്കുറിച്ചുള്ള മുന്‍ഗണന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐ.ഒ.എ) ചോദിച്ചപ്പോള്‍ ആദ്യ ചോയ്‌സായി നീലയും രണ്ടാമത്തെ ചോയ്‌സായി ഓറഞ്ചുമാണ് ഹോക്കി ഭാരതം തിരഞ്ഞെടുത്തത്. ഓറഞ്ച് ജേഴ്‌സി സ്ഥിരമല്ലെന്നും ഭാവിയില്‍ മാറ്റമുണ്ടാകുമെന്നും ലോകകപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായി നടന്ന ലോകകപ്പിന് തൊട്ടുമുന്‍പാണ് പതിറ്റാണ്ടുകളായുള്ള നീല ജേഴ്‌സി മാറ്റി ടീം ഓറഞ്ച് നിറത്തിലുള്ള കിറ്റ് അണിഞ്ഞത്. നീല ടര്‍ഫില്‍ കളിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കാനാണ് നിറം മാറ്റിയതെന്ന വിശദീകരണമാണ് നല്‍കിയിരുന്നു.
















