തിരുവനന്തപുരം: ജപ്പാനിലെ നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി ഒ.ജെ. ജനീഷ്.
സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിന് 50 ലക്ഷം രൂപ, വെള്ളി മെഡല്‍ ജേതാവിന് 30 ലക്ഷം രൂപ, വെങ്കല മെഡല്‍ നേടുന്ന താരത്തിന് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണത്തെ പ്രത്യേകത, ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പാരിതോഷികം പ്രഖ്യാപിച്ചുവെന്നതാണ്. മുന്‍കാലങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നുവെന്നും ഇത്തവണ ആ രീതി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് വലിയ സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കുമ്പോള്‍ കേരളം തുച്ഛമായിട്ടാണ് നല്‍കാറുള്ളത്. ആ രീതിക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്. മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മാത്രമല്ല, അവരുടെ പരിശീലകര്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണം നേടുന്ന അത്‌ലറ്റിന്റെ പരിശീലകന് 5 ലക്ഷം, വെള്ളി 3 ലക്ഷം, വെങ്കലം 2 ലക്ഷം എന്നിങ്ങനെയാണ് സാമ്പത്തിക സമ്മാനം നല്‍കുന്നത്. താരത്തിന്റെ നേട്ടത്തിന് പിന്നിലെ പരിശീലകരുടെ പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മെഡല്‍ നേടുന്നവര്‍ക്ക് മാത്രമല്ല, ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങള്‍ക്കും 1 ലക്ഷം വീതം മുന്‍കൂറായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ ഒരു കോടി വരെ പാരിതോഷികം നല്‍കുന്നുണ്ട്.
ഏകദേശം 30 മലയാളി താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. മെഡല്‍ നേടുന്നതിന് മുമ്പുതന്നെ താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കേരള താരങ്ങള്‍ മെച്ചപ്പെട്ട സൗകര്യത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായിക സംഘടനകള്‍ പുതിയ രീതികളിലേക്ക് മാറണമെന്നും കളത്തിനു പുറത്തുള്ള മത്സരങ്ങള്‍ കാരണം താരങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത് മാറണം- അദ്ദേഹം ആവശ്യപ്പെട്ടു. കായിക മേഖലയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 2026 ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയ മേഖലയില്‍ നടക്കും. ഇന്ത്യയ്‌ക്കായി മെഡല്‍ പ്രതീക്ഷയുള്ള നിരവധി മലയാളി താരങ്ങളാണ് ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നത്.
















