ഡാളസ് (യുഎസ്) : ഗാനഗന്ധര്‍വ്വന്‍ യേശുദാസ് നീണ്ട ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും വേദിയില്‍ പാടി. യുഎസിലെ ടെക്സസിലുള്ള ഡാളസിലായിരുന്നു ഈ ഗാനസമര്‍പ്പണം.
ഡാളസിലെ കേരള അസോസിയേഷന്റെ 50 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്. പ്രവാസി മലയാളി സംഗമത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.
നാരായണ ഗുരു എഴുതി എംബി ശ്രീനിവാസന്‍ ഈണം നല്‍കിയ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും…സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് യേശുദാസ് തന്റെ സാന്നിധ്യത്തിന് തിളക്കമേറ്റിയത്. “കേരളം കേരളം” എന്ന ഗാനവും പാടി.
ഈ ഗാനം ഉച്ചസ്ഥായില്‍ അനായാസം യേശുദാസ് പാടി. പതിവില്‍ കവിഞ്ഞ താടിയും മുടിയും നീട്ടി വളര്‍ത്തിയ യേശുദാസിന് കാഴ്ചയില്‍ ഒരു അവധൂതന്റെ ഛായയായിരുന്നു. “ഗായകനായാല്‍ ഒരു ദോഷമുണ്ട്. ഏത് സദ്യയുടെ ഇടയിലായാലും പറയും -യേശുദാസ് ഒന്നു പാടൂ എന്ന്. “- യേശുദാസ് ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി.
















