ന്യൂദല്‍ഹി: പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ചുള്ള മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം കേന്ദ്രവുമായുള്ള ചര്‍ച്ചകളിലേക്ക് കടക്കും. പാഠ്യപദ്ധതിയില്‍ ഇടപെടല്‍ പാടില്ല, സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കണം എന്നീ ഉപാധികള്‍ സംസ്ഥാനം, കേന്ദ്രത്തിന് മുന്നില്‍വയ്‌ക്കും. ഈ വ്യവസ്ഥകള്‍ കേന്ദ്രം അംഗീകരിച്ചാലേ പദ്ധതിയുമായി പോകൂയെന്നാണ് സര്‍ക്കാര്‍ വാദം.
പിഎംശ്രീ നടപ്പാക്കിയില്ലെങ്കില്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കില്ലെന്ന് സൂചിപ്പിച്ച് എസ്എസ്‌കെ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രവുമായി ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചത്. പാഠ്യപദ്ധതി സിബിഎസ്ഇയോ സ്റ്റേറ്റ് സിലബസോ ഏതാണോ അത് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്നും ഒരു ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് സ്‌കൂളുകള്‍ വീതം തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാ ണെന്നും കേന്ദ്രം നിരവധി തവണ വ്യക്തമാക്കിയതാണ്.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ പിഎംശ്രീ നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തവരാണ് യുഡിഎഫ്. മുസ്ലിം ലീഗ് അടക്കം അതിശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്. പിഎംശ്രീ പദ്ധതി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാരിന് പോകാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ വ്യക്തമാക്കിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചെന്നു പറഞ്ഞ് ഇടതുപക്ഷത്തിന്റെ വായടിപ്പിക്കാനും മുസ്ലിം ലീഗിന് രാഷ്‌ട്രീയ സംരക്ഷണമൊരുക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം എഐസിസി തീരുമാനിച്ചിരുന്നെങ്കിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടന്നില്ല. അതേസമയം വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതില്‍ പിഎംശ്രീ ചര്‍ച്ചയായിട്ടില്ലെന്നാണ് സൂചന.
















