
ആലപ്പുഴ: കരുവാറ്റയില്‍ വയോധികന്‍ ശിവന്‍കുട്ടിയെ കൊന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അസാധാരണ ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥകളില്ലെന്നും, അത്തരത്തിലുള്ള മുന്‍ കോടതി വിധികളില്ലെന്നുമുള്ള വാദം തള്ളിയാണ് ബോര്‍ഡിന്റെ നടപടി.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ വ്യവസ്ഥ ഇല്ലെങ്കില്‍പ്പോലും, ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാര്‍പ്പിക്കരുതെന്ന് മാത്രമേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്നുള്ളൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുട്ടികള്‍ മാത്രം പ്രതികളായ, ദൃക്സാക്ഷികളില്ലാത്ത, അടച്ചിട്ട വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ കൊലപാതകത്തില്‍ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് ദുര്‍ബലപ്പെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പ്രധാനപ്രതി 13 വയസുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും പ്രായപൂര്‍ത്തിയാകാത്തവരായ ഈ കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാല്‍ നിയമപരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കൊലപാതകത്തിനിടെ മോഷണംപോയ സ്വര്‍ണം പോലിസ് കണ്ടെത്തി, എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച കൈയുറകള്‍ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്തുന്നതിനും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കും ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ലഭിക്കണം. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാത്തപക്ഷം കുറ്റപത്രം കോടതിയില്‍ തെളിയിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രിയാണ് ശിവന്‍കുട്ടിയുടെ ബന്ധുവായ പതിമൂന്നുകാരിയുടെ നിര്‍ദ്ദേശ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൊലപാതകം നടത്തിയശേഷം സ്വര്‍ണവും പണവും അപഹരിച്ചത്.
കുറ്റാരോപിതയായ പെണ്‍കുട്ടിയെ സാമൂഹിക ക്ഷേമവകുപ്പിന്റെ കോഴിക്കോട്ടെയും ആണ്‍കുട്ടികളെ ചേര്‍ത്തല മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ദല്‍ഹി നിര്‍ഭയ കേസില്‍പോലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. കരുവാറ്റ കേസില്‍ മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രമായി മാറി. പ്രോസിക്യൂഷനായി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി ഹാജരായി.