Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ തൊഴില്‍ സംബന്ധമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന പിഎംശ്രീ കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്നാണെന്ന് വി. മുരളീധരന്‍ എംഎല്‍എ.

കേരളത്തില്‍ നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്ന അവസ്ഥ. പിഎംശ്രീ പോലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കത്തതിലൂടെ കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപക ദിനത്തില്‍ എന്‍ടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎംശ്രീ കരിക്കുലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നാണ് പറയുന്നത്. എന്നാല്‍ കരിക്കുലം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ഇര്‍ഫാന്‍ ഹബീബിനെയും റൊമിള ഥാപറെയും പോലുള്ള ഇടത് ചരിത്രകാരന്മാര്‍ എഴുതിയത് മാത്രമെ പഠിപ്പിക്കാവൂ എന്നാണ് ഇവര്‍ പറയുന്നത്. ഇനി ചിലപ്പോള്‍ മീനാക്ഷി ജെയിനിനെയും പഠിക്കേണ്ടി വരും. ഇത് അംഗീകരിക്കാനാകില്ല. രാമനും അയോദ്ധ്യയുമൊക്കെ കഥകളെന്നാണ് പറയുന്നത്. ഇത്രകാലം ഒളിച്ചുകടത്തിയ കമ്യൂണിസ്റ്റ് അജന്‍ഡ വെളിച്ചത്തുവരും എന്നതിന്റെ ആശങ്കയാണ്. ബിനോയ് വിശ്വം പറയുന്നത് ഗാന്ധി വധത്തെക്കുറിച്ച് അല്ല മഹാത്മഗാന്ധി മരിച്ചു എന്ന് എന്‍ഇപി സിലബസില്‍ പഠിപ്പിക്കുന്നുവെന്നാണ്. ഗണപതിയാണ് ആദ്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്ന് പഠിപ്പിക്കുന്നുവെന്നും പറയുന്നു. ബിനോയ് വിശ്വത്തെ വെല്ലുവിളിക്കുന്നു, ഏത് പുസ്തകത്തിലാണ് ഇത് ഉള്ളതെന്ന് പറയണം. ബ്രിട്ടിഷുകാര്‍ ചെയ്തതുപോലെ ഭിന്നിപ്പിച്ച് ഭരിക്കണം. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. വി. മുരളീധരന്‍ പറഞ്ഞു.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും നടപ്പാക്കാത്തതിനാലാണ് അദ്ധ്യാപക പരിഷത്തിന് ധര്‍ണ നടത്തേണ്ടി വന്നത്. 2024ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം നീട്ടിക്കൊണ്ടുപോയി, അധികാരം പോകും മുമ്പ് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി പറയുന്നു, പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായാണ് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചത്, ഒന്നും ചെയ്യാനാവില്ലെങ്കില്‍ ധനവകുപ്പു കൈയില്‍ വച്ച് ആ കസേരയില്‍ മുഖ്യമന്ത്രി ഇരിക്കുന്നത് എന്തിനെന്ന് വി.ഡി. സതീശന്‍ ആലോചിക്കണം. മെഡിസെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് പിടികിട്ടുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതുകൊണ്ട് ഒരു ആശുപത്രിയിലും ജീവന്‍ രക്ഷിക്കാം എന്ന് കരുതേണ്ട. ആശുപത്രി ചികിത്സയില്‍ എത്തുന്ന രോഗി കട്ടിലില്‍ നിന്ന് വീണു മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത അധ്യക്ഷയായി. സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘിന്റെ സംസ്ഥാന സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, എന്‍ടിയു സംസ്ഥാന ട്രഷറര്‍ കെ.കെ. രാജേഷ്, സംസ്ഥാന സെക്രട്ടറി എ അരുണ്‍കുമാര്‍, എ.വി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Recent Posts