തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയുടെ മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ഹൃദ്രോഗികള്‍ക്കുള്ള അവശ്യമരുന്നുകളും ഗര്‍ഭിണികള്‍ക്കുള്ള കാല്‍സ്യം ഗുളികകളും കിട്ടാനില്ല. രോഗികളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. അതേസമയം മരുന്നുക്ഷാമമില്ലെന്നും 18 മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നുമാണ് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. ഗുരുതര പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ ആശുപത്രികള്‍ കടന്നുപോകുന്നത്.
സര്‍ക്കാര്‍ മാറിയത് മരുന്ന് വിതരണത്തെയും കാര്യമായി ബാധിച്ചു. നിലവിലെ വിതരണ കമ്പനികളെ മാറ്റുമെന്നായതോടെ കടമായി മരുന്നുകള്‍ വിതരണം ചെയ്തിരുന്നത് കമ്പനി
കള്‍ നിര്‍ത്തി. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷനാണ് മരുന്നുകള്‍ വാങ്ങി ആശുപത്രികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ മരുന്ന് കമ്പനികള്‍ക്ക് കോടികള്‍ കുടിശികയുള്ളതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ നല്‍കാറുള്ള മരുന്നുകള്‍ പോലും കമ്പനികള്‍ നല്‍കുന്നില്ല.
അവശ്യമരുന്നുകള്‍ കിട്ടാതായതോടെ പുറത്തുനിന്ന് കൂടിയ വിലയ്‌ക്ക് മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. ജീവന്‍രക്ഷാ മരുന്നുകളടക്കം മുടങ്ങിയതിനു പിന്നില്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പിടിപ്പുകേടെന്നാണ് വിമര്‍ശനം. ഒട്ടുമിക്ക മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. പനി വര്‍ദ്ധിച്ചതോടെ പാരസെറ്റമോളിന് വരെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. താലൂക്ക് ആശുപത്രികളിലെയും ജില്ലാ ജനറല്‍ ആശുപത്രികളിലെയും ഫാര്‍മസികള്‍ കാലിയായി. മെഡിക്കല്‍ കോളജുകളിലേക്കും പ്രതിസന്ധി വ്യാപിച്ചു.
അതേസമയം മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാന്‍ പരമാവധി ലോക്കല്‍ പര്‍ച്ചേസിംഗ് നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് പുറമേ ജനറല്‍, ജില്ലാ ആശുപത്രികള്‍ക്കും 100 കോടി രൂപയ്‌ക്ക് മുകളില്‍ മരുന്നു കമ്പനികള്‍ക്ക് കുടിശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികള്‍ക്ക് മാത്രം 120 കോടിയോളമാണ് കുടിശിക. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കിയ വകയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിക്കാനുള്ള കോടികളും കുടിശികയുണ്ട്. ഈ പ്രതിസന്ധിക്കിടയില്‍ അപ്പപ്പോള്‍ പണം നല്‍കി മരുന്നുകള്‍ വാങ്ങാന്‍ ആശുപത്രികള്‍ പ്രയാസപ്പെടുകയാണ്. താത്ക്കാലികമായി പ്രതിസന്ധി പരിഹരിക്കാന്‍ നേട്ടോട്ടമോടുകയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ പണമുണ്ടെങ്കില്‍ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാര്‍ അടിയന്തരമായി മരുന്നു വാങ്ങണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നും വാട്‌സ്ആപ് സന്ദേശം നല്‍കി. അതേസമയം മരുന്നുക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ അവകാശവാദം. അടുത്തയാഴ്ചയോടെ പുതിയ സ്‌റ്റോക്ക് എത്തുമെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ അടുത്തയാഴ്ചയെങ്കിലും പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ആശുപത്രി അധികൃതര്‍ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വണ്‍ ടൈം സെറ്റില്‍മെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. കൂടാതെ പര്‍ച്ചേസ് ഓര്‍ഡര്‍ പ്രകാരമുള്ള സ്റ്റോക്ക് വേഗത്തിലെത്തിക്കാനും നടപടികള്‍ സ്വീകരിക്കുന്നു. ചില മരുന്നുകള്‍ക്കായി റീടെന്‍ഡര്‍ വിളിക്കേണ്ടി വന്നതാണ് നിലവിലെ കാലതാമസത്തിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും കുടിശിക തീര്‍ക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ മരുന്ന് ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
















