ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിക്കുന്നതിനപ്പുറം ഷാർദേന്ദു തിവാരിയ്‌ക്ക് മറ്റൊരു സ്വപ്നവും ഉണ്ടായിരുന്നില്ല. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ 46 ലക്ഷം രൂപയുടെ പാക്കേജാണ് ആമസോൺ എഞ്ചിനീയറായ ഷാർദേന്ദു തിവാരി ഉപേക്ഷിച്ചത് . ഗയയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറായി നിയമിതനായിരിക്കുകയാണ് 27 കാരൻ ഷാർദേന്ദു തിവാരി .
ഷാർദേന്ദു ആമസോണിൽ ക്ലൗഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ എയർബസിൽ ജോലി ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ എല്ലാത്തിലും വലുതായിരുന്നു ഷാർദേന്ദുവിന് ഇന്ത്യൻ സൈനികനെന്ന പദവി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ പിപർഗാവിൽ നിന്നുള്ളവരാണ് ഷാർദേന്ദു തിവാരിയുടെ കുടുംബം. അദ്ദേഹത്തിന്റെ പിതാവ്, ഓണററി ക്യാപ്റ്റൻ രാജ്കുമാർ തിവാരി, ആർമി സർവീസ് കോർപ്സിൽ (ASC) 36 വർഷം രാഷ്‌ട്രത്തെ സേവിച്ചു.
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഷാർദേന്ദു തിവാരിയുടെ വിജയഗാഥ പങ്കുവച്ചിട്ടുണ്ട് . ചണ്ഡിമന്ദിറിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ചണ്ഡിഗഡിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിൽ (പിഇസി) നിന്ന് ബി.ഇ. (ഐടി) ബിരുദവും എം.ടെക്. (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) ബിരുദവും നേടി.
എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം, ആമസോണിൽ മികച്ച ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ചു. എങ്കിലും ഇന്ത്യൻ ആർമിയിൽ ഓഫീസറാകുക എന്ന തന്റെ സ്വപ്നം ഷാർദേന്ദുവിൽ കത്തിജ്വലിച്ചിരുന്നു . തുടർച്ചയായി ഏഴ് തവണ പരാജയപ്പെട്ടെങ്കിലും അദ്ദേഹം തളരാതെ പോരാടി , എട്ടാമത്തെ ശ്രമത്തിൽ വിജയിച്ചു. പണത്തിനും, പദവിയ്‌ക്കുമപ്പുറം ഭാരതമെന്ന വികാരത്തെ നെഞ്ചേറ്റിയ ഷാർദേന്ദു അങ്ങനെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി .
















