Editorial

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

Published by
എഡിറ്റോറിയൽ ഡെസ്ക്

രാഷ്‌ട്രീയ ജീവിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തലവനായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായി മോദി മാറി. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള കാലാവധി ഒന്നിച്ച് കണക്കാക്കുമ്പോള്‍ മോദി ഭരണത്തലവനായി 8,931 ദിവസം പൂര്‍ത്തിയാക്കി. ഇതുവഴി നേതൃരംഗത്തെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

അത്യപൂര്‍വ്വമായ ബഹുമതിയാണിത്. 8,930 ദിവസം സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങിനെയാണ് മോദി മറികടന്നത്. പതിറ്റാണ്ടുകളായി ഭരണത്തിന്റെ ഉന്നത തലത്തില്‍ തുടര്‍ന്ന് രാഷ്‌ട്രീയ നേതൃത്വം കാഴ്ച വയ്‌ക്കുകയും, തടസ്സമില്ലാത്ത പൊതുസേവനം നടത്തുകയും ചെയ്തതിന്റെ പ്രതിഫലനമായ ഈ നേട്ടം ശ്രദ്ധേയമാണ്. രാഷ്‌ട്രീയ ജീവിതത്തിനിടെ മോദി, ശ്രദ്ധേയമായ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും, ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച അനുഭവമുള്ള പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഭാരത പ്രധാനമന്ത്രിയുമാണ് മോദി. 2014, 2019, 2024 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടി പ്രധാനമന്ത്രിയുമായി. തുടര്‍ച്ചയായി ലഭിച്ച ജനപിന്തുണയ്‌ക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.

2001 ലാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2014 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദേശീയ രാഷ്‌ട്രീയത്തിലേക്ക് മാറുന്നതിന് മുന്‍പ് സംഭവബഹുലമായ കാലഘട്ടത്തിലൂടെ 13 വര്‍ഷത്തിലേറെ മോദി ഗുജറാത്തിനെ നയിച്ചു. ഈ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. ‘ഗുജറാത്ത് മോഡല്‍’ ലോകമെമ്പാടും അറിയപ്പെട്ടു. 2014ല്‍ ഭാരതത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ലോക്‌സഭയില്‍ പൂര്‍ണ ഭൂരിപക്ഷം നേടുന്ന ആദ്യ കോണ്‍ഗ്രസിതര ഭരണാധികാരിയായി മോദി. രണ്ട് പൂര്‍ണ കാലാവധികള്‍ പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാവുകയും, തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തുകയും ചെയ്തു.

അസുലഭമായ ഈ നേട്ടങ്ങള്‍ക്കു പുറമെ, 2026 എത്തിയപ്പോള്‍ മറ്റ് നിരവധി ബഹുമതികളും മോദിയെ തേടിയെത്തി. ഈ സെപ്തംബര്‍ തുടക്കത്തില്‍ മോദിയുടെ യൂട്യൂബ് ചാനലില്‍ 30 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. ഇതോടെ ഈ പ്ലാറ്റ്‌ഫോമില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരപ്പെടുന്ന നേതാക്കളില്‍ ഒരാളെന്ന സ്ഥാനവും മോദി സ്വന്തമാക്കി. ഇതുവഴി നിലവില്‍ അധികാരത്തിലിരിക്കുന്നവരും മുന്‍ സര്‍ക്കാരുകളുടെ തലവന്മാരും ഉള്‍പ്പെടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ മോദി മുന്നിലാണ്. ലോകത്തെ മറ്റ് പ്രമുഖ രാഷ്‌ട്രീയ നേതാക്കളെക്കാള്‍ ഏറെ മുന്നിലാണ് മോദിയുടെ സ്ഥാനം.

2026 ഫെബ്രുവരിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്‌സിനെയും മറികടന്നിരുന്നു. ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ആദ്യ ഭരണാധികാരിയും രാഷ്‌ട്രീയ നേതാവുമായി മാറി. 2014 ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നതുമുതല്‍, ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും സജീവവും വ്യാപകമായി പിന്തുടരപ്പെടുന്നതുമായ അക്കൗണ്ടുകളിലൊന്നായി മോദിയുടെ സാന്നിധ്യം വളര്‍ന്നു. ഭാരതത്തിനകത്തും അന്താരാഷ്‌ട്രതലത്തിലും ഡിജിറ്റല്‍ ലോകത്തെ ആളുകളുമായി ഇടപഴകുകയെന്ന ലക്ഷ്യത്തോടെയുള്ള നിരന്തര ജനസമ്പര്‍ക്കത്തിന്റെ പ്രതിഫലനമാണിത്. നിലവില്‍ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ മോദിക്ക് 101 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. സമൂഹ മാധ്യമമായ എക്‌സില്‍ മോദിക്ക് 106.4 ദശലക്ഷം അനുയായികളുണ്ട്.

ഏറ്റവും കരുത്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്നിട്ടും അധികാരത്തില്‍ അഭിരമിക്കുകയല്ല, രാജ്യത്ത് ജനക്ഷേമം ഉറപ്പുവരുത്തുകയും, ഭാരതത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയുമാണ് മോദി ചെയ്യുന്നത്. പൊതുപദവികളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായത് മുന്‍നിര്‍ത്തി, മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ‘സങ്കല്‍പ്പ് അഭിയാന്‍’ എന്ന പേരില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയും സേവന പ്രവര്‍ത്തനങ്ങളും നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. മോദിയുടെ പൊതുജീവിതവും സേവന പ്രവര്‍ത്തനവും ‘നമോ സേവാഗാഥ’ എന്ന പേരില്‍ ജനങ്ങളിലെത്തിക്കും. മോദിയുടെ ജന്മനാടായ വഡ്‌നഗറില്‍ നിന്നും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന വാരാണസി മണ്ഡലത്തില്‍ നിന്നും യാത്ര തിരിക്കുന്ന സംഘങ്ങള്‍ വിവിധ ഇടങ്ങളിലെത്തി ജനങ്ങളുമായി സംവദിക്കും. പുതിയൊരു മാറ്റത്തിന് ഇത് വഴിയൊരുക്കും.

Recent Posts