ക്വറ്റ: ബലൂചിസ്ഥാനില്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ആക്രമണങ്ങളില്‍ പാക് സൈന്യത്തിന്റെ മൂന്ന് വാഹനങ്ങള്‍ തകര്‍ത്തതായും ബിഎല്‍എ അറിയിച്ചു.
സിയാറത്ത് ക്രോസില്‍ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആദ്യം ആക്രമണം നടത്തിയത്. ഇതില്‍ ഒരു സൈനിക ട്രക്ക് അടക്കം രണ്ട് വാഹനങ്ങള്‍ തകര്‍ത്തു, 18 പാക് സൈനികരെയും വധിച്ചു. വാഹനവ്യൂഹത്തില്‍ നിന്ന് പരിക്കേറ്റ അഞ്ച് സൈനികര്‍ ഓടിരക്ഷപ്പെട്ടെന്നും ബിഎല്‍എ വക്താവ് ജീയന്ദ് ബലൂച് പ്രസ്താവനയിലൂടെ അറിയിച്ചു. ഫത്തേ സ്‌ക്വാഡ് ആണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിന്റെ ചില ദൃശ്യങ്ങളും മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സുറാബിലെ ഹാജിക മേഖലയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതില്‍ ഏഴ് പാക് സൈനികരെ വധിച്ചു. ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ബിഎല്‍എ അറിയിച്ചു. എന്നാല്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പാക് അധികൃതര്‍ തയാറായിട്ടില്ല.
















