
മുംബൈ:: സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് എന്ന സിനിമ വന്‍ ഹിറ്റ്. വെറും രണ്ട് കോടിയില്‍ നിര്‍മ്മിച്ച ഈ സിനിമ ഇപ്പോഴേ 75 കോടി നേടിക്കഴിഞ്ഞു. ഹനുമാന്റെ ഭാഗം എന്ന നിലയ്‌ക്കാണ് ഹനുമാന്‍ അംശ് എന്ന സിനിമയ്‌ക്ക് പേര് നല്‍കിയിരിക്കുന്നത്. ശ്രീരാമന്റെ ഭക്തനാണ് നീം കരോലി ബാബ. അതിനാലാണ് ഹനുമാന്‍ അംശ് എന്നും വിളിക്കുന്നത്. അതുകൊണ്ടാണ് നീം കരോലി ബാബയ്‌ക്ക് ഹനുമാന്‍ അംശ് എന്ന പേര് കിട്ടിയത്.
മണ്ണിനടിയില്‍ കുഴി കുഴിച്ച് ആ കുഴിയില്‍ ഇരിക്കുന്ന വിചിത്ര സ്വഭാവക്കാരനാണ് നീം കരോലി ബാബ. ചിലപ്പോള്‍ ബാബ ദിവസങ്ങളോളം ആ ഗുഹയില്‍ കഴിയും. എങ്ങിനെയാണ് ഇത്രയും ദിവസങ്ങള്‍ അദ്ദേഹം ഭൂമിയ്‌ക്കടിയില്‍ ചെലവഴിക്കുന്നത്? ഇതേക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ച ഒരാള്‍ ആ കുഴിയിലേക്ക് ഒരിയ്‌ക്കല്‍ ഇറങ്ങിനോക്കി. അപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ശരീരം നിറയെ സര്‍പ്പങ്ങളുമായി ഇരിക്കുന്ന നീം കരോലി ബാബയെ കണ്ട് ഇയാള്‍ക്ക് വട്ട് പോലെയായി. പിന്നീട് കടുത്ത പനിയുമായി. ഇയാളുടെ അടുത്തേക്ക് പിന്നീട് നീം കരോലി ബാബ വന്നു. അപ്പോള്‍ അയാള്‍ പറഞ്ഞത് നീം കരോലി ബാബയെ ആ ഗുഹയ്‌ക്കുള്ളില്‍ ശിവഭഗവാനെപ്പോലെ തോന്നിച്ചു എന്നാണ്. അപ്പോള്‍ നീം കരോലി ബാബ പറഞ്ഞു:”നീ ഏത് രൂപത്തിലാണോ എന്നെ കാണാന്‍ ആഗ്രഹിച്ചത്. ആ രൂപത്തില്‍ നിനക്ക് എന്നെ കാണാനാവും.”
ലക്ഷ്മീ നാരായണ്‍ ശര്‍മ്മ അഥവാ ലക്ഷ്മണ്‍ ദാസ് എന്ന സാധാരണക്കാരനാണ് പിന്നീട് നീം കരോലി ബാബ ആയി മാറിയത്. ഫറൂഖാബാദിലെ നീം കരോലി എന്ന റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിതിന് ശേഷം അദ്ദേഹം എങ്ങോട്ടും പോയില്ല. അതിന് ശേഷമാണ് അദ്ദേഹം നീം കരോലി ബാബയായി മാറിയത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ട്രെയിനില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന നീം കരോലി ബാബയുടെ അടുത്ത് ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇ വന്നു. നീം കരോലി ബാബയുടെ കയ്യില്‍ ടിക്കറ്റില്ലാത്തിനാല്‍ അദ്ദേഹത്തെ ടിക്കറ്റ് എക്സാമിനര്‍ ട്രെയിനില്‍ നിന്നും ചവുട്ടി പുറത്താക്കി. പക്ഷെ ആ ട്രെയിന്‍ പിന്നീട് അവിടെ നിന്നും അനങ്ങിയില്ല. ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ്. മറ്റൊരു എഞ്ചിന്‍ കൊണ്ടുവന്ന് കെട്ടിവലിച്ചാല്‍ ട്രെയിന്‍ ഓടുമെന്ന് കരുതി ട്രെയിനെ കെട്ടിവലിക്കാന്‍ എഞ്ചിന്‍ കൊണ്ടുവന്നിട്ടും ട്രെയിന്‍ അനങ്ങിയില്ല. അപ്പോഴാണ് സ്റ്റേഷന്‍ മാസ്റ്റര്‍ അവിടെ എത്തിയത്. എങ്ങിനെയാണ് ട്രെയിന്‍ ഇവിടെ നിര്‍ത്തിയതെന്ന് ചോദിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സന്യാസിയെ ഇറക്കിവിടാനാണ് ഇവിടെ ട്രെയിന്‍ നിര്‍ത്തിയത്. എന്ന് ടിക്കറ്റ് എക്സാമിനര്‍ പറഞ്ഞു. എന്താണ് ആ സന്യാസിയുടെ പേര് എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ചോദിച്ചു. നീം കരോലി ബാബ എന്നായിരുന്നു ടിക്കറ്റ് എക്സാമിനറുടെ മറുപടി. എങ്കില്‍ നിങ്ങള്‍ പോയി ബാബയുടെ കാല്‍ക്കല്‍ വീണ് മാപ്പ് പറഞ്ഞാല്‍ ട്രെയിന്‍ ഓടിക്കൊള്ളും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ടിക്കറ്റ് എക്സാമിനറോട് പറഞ്ഞു. ഇതോടെ താന്‍ ഇറക്കിവിട്ട സന്യാസി നിസ്സാരക്കാരനല്ലെന്ന് ടിക്കറ്റ് എക്സാമിനര്‍ക്ക് തോന്നി. ടിക്കറ്റ് എക്സാമിനര്‍ നീം കരോലി ബാബയുടെ കാല്‍ക്കല്‍ വീണു. ഇവിടെ ഒരു റെയില്‍വേ സ്റ്റേഷന്‍ പണി കഴിപ്പിക്കണം എന്ന് നീം കരോലി ബാബ പറഞ്ഞു. അത് സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിച്ചു. അങ്ങിനെയാണ് നീം കരോലി എന്ന പ്രദേശത്ത് റെയില്‍വേ സ്റ്റേഷന്‍ വന്നത്. ഇവിടെ ട്രെയിന്‍ ഇറങ്ങിയ ബാബ പിന്നീട് നീം കരോലി ബാബയായി മാറി.
ഈ സിനിമ നിറയെ നീം കരോലി ബാബയുടെ അത്ഭുതപ്രവര്‍ത്തികളാണ്. അതാണ് പ്രേക്ഷകരെ ഈ സിനിമയോട് അടുപ്പിച്ചത്. വൈകാതെ തന്നെ ഈ സിനിമ 100 കോടി ക്ലബ്ബില്‍ കയറുമെന്നും പറയുന്നു.
ആഗോളതലത്തില്‍ ബിസിനസില്‍ പ്രശസ്തരായ മൂന്ന് പേര്‍ അവരുടെ ജീവിതത്തിന്റെ പ്രതിസന്ധി കാലത്ത് വെളിച്ചം തേടിയത് ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ നീം കരോലി ബാബ എന്ന ഒരു സാധാരണ സാധുവില്‍ നിന്നാണ്. ഈ സന്യാസിയാണ് ആ ലോകപ്രശസ്തരായ മൂന്ന് വിദേശികളെ ജീവിത വിജയത്തിലേക്ക് നയിച്ചത്. ബിസിനസിലെ വമ്പന്മാരായ ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ സ്റ്റീവ് ജോബ്സ്, ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, പിന്നെ ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക് ഡോര്‍സി എന്നിവരാണ് ഈ മുന്ന് പേര്‍.
സ്റ്റീവ് ജോബ്സ്
ജീവിതത്തില്‍ സാങ്കേതികവിദ്യ മടുത്തപ്പോള്‍ അതിനപ്പുറത്തുള്ള ഉത്തരം തേടി ഇന്ത്യയില്‍ എത്തിയതാണ് ആപ്പിള്‍ കംപ്യൂട്ടേഴ്സിന്റെ സ്റ്റീവ് ജോബ്സ്, ആശ്രമത്തില്‍ എത്തുമ്പോഴേക്കും നീം കരോലി ബാബ മരണപ്പെട്ടിരുന്നു. പക്ഷെ ജോബ്സ് അല്‍പനാള്‍ ആശ്രമത്തില്‍ കഴിഞ്ഞു. അവിടുത്തെ പ്രശാന്തതയില്‍, നീം കരോലി ബാബയുടെ ശിഷ്യരില്‍ നിന്നും അദ്ദേഹം ജീവിതത്തിലെ ആനന്ദത്തിന്റെ വഴി തിരിച്ചറിഞ്ഞു. അവിടെ നിന്നാണ് ആപ്പിളിന്റെ ഡിസൈനെക്കുറിച്ചുള്ള ദര്‍ശനം സ്റ്റീവ് ജോബ്സിന് കിട്ടിയത്. “ജീവിതത്തില്‍ ലാളിത്യവും ഏകാഗ്രതയുമാണ് വേണ്ടതെന്ന് മനസ്സിലായി. എന്റെ കാഴ്ചപ്പാടില്‍ കൂടുതല്‍ തെളിച്ചം കിട്ടിയത് ഈ ആശ്രമത്തില്‍ നിന്നാണ്. “- അന്തരിച്ച സ്റ്റീവ് ജോബ്സ് പറഞ്ഞ വാക്കുകളാണിത്.
മാര്‍ക്ക് സക്കര്‍ബര്‍ഗ്
ജീവിതത്തില്‍ വെല്ലുവിളികള്‍ വന്നാല്‍ ആത്മീയമായ വഴി തേടാന്‍ പറ്റിയ ഒരു ഇടം ഇന്ത്യയിലുണ്ടെന്നും അത് നീം കരോലി ബാബ ആണെന്നും സ്റ്റീവ് ജോബ്സാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് പറഞ്ഞുകൊടുത്തത്. ഫെയ്സ് ബുക്ക് അതിവേഗം വളരുമ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ തേടിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ നീം കരോലി ബാബയുടെ ആശ്രമത്തില്‍ എത്തിയത്. “ഫെയ്സ് ബുക്കിന്റെ വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സഹായകരമായത് നീം കരോലി ബാബയുടെ ആശ്രമമായിരുന്നു. ലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ഫെയ്സ്ബുക്ക് അത്യാവശ്യമാണെന്ന കാഴ്ചപ്പാടില്‍ ഞാന്‍ എത്തിയത് ഈ ആശ്രമത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ദിശാബോധത്തില്‍ നിന്നാണ്. “- സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
ജാക് ഡോര്‍സി
നീം കരോലി ബാബ പറഞ്ഞുകൊടുത്ത രീതിയിലുള്ള ധ്യാനമാണ് താന്‍ പരിശീലിക്കുന്നതെന്നാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സി പറയുന്നത്. നീം കരോലി ബാബയുടെ ആശ്രമത്തില്‍ താന്‍ നേരിട്ട് സന്ദര്‍ശിച്ചതിന്റെ കഥകളൊന്നും ഇതുവരെയും ജാക് ഡോര്‍സി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നീം കരോലി ബാബയുടെ ദര്‍ശനങ്ങളാണ് ജാക് ഡോര്‍സിക്ക് വഴികാട്ടിയത്. ജാക് ഡോര്‍സിയുടെ നേതൃശൈലിയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും ലഭിച്ചത് നീം കരോലി ബാബ നിര്‍ദേശിച്ച മൈന്‍ഡ്ഫുള്‍നെസ് എന്ന മാര്‍ഗ്ഗത്തിലൂടെയാണെന്നും ജാക് ഡോര്‍സി പറഞ്ഞിട്ടുണ്ട്.