മുംബൈ: പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. ഇയാളുടെപേരിൽ റെയിൽവേ പോലീസ് കേസുമെടുത്തു ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂരു എക്സ്പ്രസിൽ കഴിഞ്ഞദിവസമാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയറിൽനിന്നുള്ള ഗരീബ എന്ന യാത്രക്കാരനായിരുന്നു ബെർത്തിൽ ദീപം കത്തിച്ചുവെച്ചത്.
യാത്രക്കാരനിൽനിന്ന് തീപ്പെട്ടി, ഒരു ധൂപപാത്രം എന്നിവ കണ്ടെടുക്കുകയും ഭൂസാവൽ സ്റ്റേഷനിൽ ഇറക്കിവിടുകയുമായിരുന്നു.തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ടി.ടി.ഇ. യാത്രക്കാരനോട് പറഞ്ഞെങ്കിലും പ്രാർഥന കഴിഞ്ഞിട്ട് അണയ്‌ക്കാമെന്ന് പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ടി.ടി.ഇ.യുടെ മൊബൈൽ ഫോണിലും പകർത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
















