
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും -എന്നാണ് പ്രതാപ് പങ്ക് വച്ച കുറിപ്പിൽ പറയുന്നത്.
പ്രതാപ് ജയലക്ഷ്മി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് ആണ്. ‘ലോക’ സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണുപോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസജുകൾ എല്ലാം.. എല്ലാം.. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും. നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക്ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും. ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ കുടുംബത്തോടോപ്പം വന്നിരുന്നു. കോളജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു.
സൗദിയിൽ നിന്നും നിഹാദും ആലപ്പുഴയിൽ നിന്നും രാജീവേട്ടനും കാനഡയിൽ നിന്നും ബിജുവും വിളിച്ചു.തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി, രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.
രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാർത്ഥ ഓണം.’