അടുക്കളയിൽ ബാക്കി വന്ന ഭക്ഷണം പൊതിയാനും ബേക്ക് ചെയ്യാനും ഗ്രിൽ ചെയ്യാനും എല്ലാം ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ആരോഗ്യത്തിന് ദോഷകരമാണോ?സാധാരണ വീട്ടാവശ്യത്തിനുള്ള ഉപയോഗം കാൻസർ ഉണ്ടാക്കില്ല. എന്നാൽ അലുമിനിയം ഫോയിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണത്തിലേക്ക് കലരുന്ന അലുമിനിയത്തിന്റെ അളവ് .
ശരിക്കും പറഞ്ഞാൽ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, ഇത് ഭക്ഷണത്തിന്റെ അസിഡിക് സ്വഭാവത്തോട് പ്രതികരിക്കും. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതിൽ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കൂടുന്നതനുസരിച്ച് അലൂമിനിയം ഉരുകാം.
അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ അലുമിനിയം ഫോയിലിൽ പാകം ചെയ്താൽ, അത് പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമാകും. ധാതുക്കളുടെ അഭാവം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജേണൽ ഓഫ് ഇലക്‌ട്രോകെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സാൻഡ്‌വിച് പൊതിയുക, ബേക്ക് ചെയ്ത ഭക്ഷണം പൊതിയുക, ഡ്രൈ ഫുഡ്സ് കുറച്ചു സമയത്തേക്ക് സൂക്ഷിച്ചു വയ്‌ക്കുക ഇവയൊന്നും ആരോഗ്യത്തിന് ദോഷം ചെയ്യില്ല. അലുമിനിയം ഫോയിൽ അമ്ലഗുണ മുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ, പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാവുക. ഈ അവസ്ഥയിൽ ചെറിയ അളവിൽ അലുമിനിയം ഭക്ഷണത്തിലേക്ക് ഇറങ്ങും.
ആവർത്തിച്ചുള്ള അലുമിനിയം ഫോയിൽ ഉപയോഗം ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു. അലുമിനിയം ഫോയിൽ ഒരിക്കലും മൈക്രോവേവിൽ ഉപയോഗിക്കാൻ പാടില്ല. അലുമിനിയം ഫോയിൽ ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഈർപ്പം നിലനിർത്താനും ഭക്ഷണം ഫ്രഷായിരിക്കാനും ചൂടും നിലനിർത്താനും സഹായിക്കും.
















