ആംസ്റ്റെല്‍വീന്‍(നെതര്‍ലന്‍ഡ്‌സ്): വനിതാ ലോകകപ്പ് ഹോക്കി 2026ന്റെ ജേതാക്കള്‍ അര്‍ജന്റീന. ഫൈനലില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൂന്നാം ലോക കിരീടം സ്വന്തമാക്കി. നിശ്ചിത സമയ മത്സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടൗട്ട് വേണ്ടിവന്നു. 3-1നായിരുന്നു അര്‍ജന്റീനയുടെ ഷൂട്ടൗട്ട് ജയം.
1974ലെ പ്രഥമ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ആണ് ജേതാക്കളായത്. 2002ലാണ് അര്‍ജന്റീന ആദ്യ ലോക കിരീടം നേടുന്നത്. 2010ല്‍ രണ്ടാം ലോക കിരീടം നേടിയ ശേഷം 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.
വനിതാ ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണയാണ് ജേതാക്കള്‍ ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കപ്പെടുന്നത്. 1981ല്‍ ജര്‍മനി നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ജേതക്കാളയത്. 2002ല്‍ അര്‍ജന്റീന ആദ്യമായി കിരീടം ചൂടിയത് ഷൂട്ടൗട്ട് വിജയത്തിലൂടെയാണ്. അന്നും എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ് ആയിരുന്നു.
ഇന്നലെ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനായി യിബ്ബി ജാന്‍സെന്‍ രണ്ടാം ക്വാര്‍ട്ടറിനൊടുവില്‍ 30-ാം മിനിറ്റില്‍ ലീഡ് ചെയ്തു. അവസാന ക്വാര്‍ട്ടറില്‍ 54-ാം മിനിറ്റില്‍ മരിയ ഗ്രനാറ്റോയുടെ ഗോളിലാണ് അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തിയത്.
ഫൈനലിന് മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ സഹ ആതിഥേയരായ ബെല്‍ജിയം 1-0ന് തോല്‍പ്പിച്ചു. ചാല്‍ലോട്ടി എംഗള്‍ബെര്‍ട്ട് ആണ് വിജയഗോള്‍ നേടിയത്.
















