കോഴിക്കോട്: മതാതീതവും സര്‍വാശ്ലേഷിയുമാണ് മലയാളിയുടെ സ്വന്തം ഓണാഘോഷമെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഒരു തിരുവോണം കൂടി. അത്തം മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഇന്ന് തിരുവോണം പിന്നിട്ടാലും കുറച്ചുദിവസം കൂടിയുണ്ടാകും. ഭേദചിന്തകളൊന്നുമില്ലാതെ എല്ലാവരും, പ്രത്യേകിച്ച് യുവത, ഒന്നിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതാണ് നാം കണ്ടത്. മുസ്ലിം പെണ്‍കുട്ടികള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തില്‍ തട്ടമിട്ടുകൊണ്ടു തന്നെ സെറ്റ് മുണ്ടും മുല്ലപ്പൂവുമണിഞ്ഞ് ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഓണാഘോഷങ്ങളിലെ സാര്‍വത്രിക പങ്കാളിത്തം പുതുമയല്ല. പണ്ടുകാലം തൊട്ടുതന്നെ പൂക്കളമിടുക തുടങ്ങിയ ചില കാര്യങ്ങളിലൊഴിച്ച് നാട്ടിന്‍പുറങ്ങളിലെ മുസ്ലിം കുടുംബങ്ങള്‍ അയല്‍ക്കാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ ചേര്‍ന്നു നിന്നിരുന്നു. ചില വീടുകളില്‍ ഓണസദ്യ ഒരുക്കുന്നത് പോലും അയല്‍പക്കത്തെ മുസ്ലിം കുടുംബങ്ങളും കൂടി ചേര്‍ന്നായിരുന്നു. സദ്യ അവരെല്ലാം പങ്കിട്ടുകഴിക്കുകയും ചെയ്യുന്നു.
മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നിൽ സംഘടിപ്പിച്ച നബിദിന റാലിയിലാണ് പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകൾ നേർന്നു. പീതാംബരമണിഞ്ഞ് ഓലക്കുടയുമേന്തിയെത്തിയ ‘മാവേലി’യെ ആവേശത്തോടെയാണ് മുസ്ലിം സഹോദരങ്ങൾ സ്വീകരിച്ചത്. റാലിയിലുണ്ടായിരുന്ന കുട്ടികൾക്കും മുതിർന്നവർക്കും മാവേലി ഓണാശംസകളും മധുരപലഹാരങ്ങളും വിതരണം ചെയ്‌തപ്പോൾ, നബിദിന റാലി സംഘാടകർ മാവേലിക്ക് നാടൻ പലഹാരങ്ങൾ നൽകി സ്നേഹം പങ്കിട്ടു. ജാതിമത ഭേദമന്യേ എല്ലാവരും ഒരേ ഹൃദയമിടിപ്പോടെ സന്തോഷം പങ്കുവെച്ച ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും തരംഗമായി മാറി.
വീടുകള്‍ കേന്ദ്രീകരിച്ച് മാത്രം നടന്നിരുന്ന ഓണാഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിച്ചു എന്നതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ട്രെന്‍ഡ്. വീടുകളിലെ ആഘോഷങ്ങള്‍ക്ക് പുറമെ വിദ്യാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി എല്ലായിടത്തും വിപുലമായ ഓണാഘോഷങ്ങള്‍ നടക്കുന്നു. കൂട്ടം ചേര്‍ന്നുള്ള പൂക്കളമിടലും ഓണസദ്യ കഴിക്കലും പ്രധാനം. പലവിധ ഓണമത്സരങ്ങളും കലാവതരണങ്ങളുമൊക്കെ നടത്തി വിപുലമായാണ് ചിലയിടങ്ങളില്‍ ആഘോഷം. പരിഷ്‌കൃതവേഷത്തില്‍ നിന്ന് മാറി പരമ്പരാഗത വേഷത്തില്‍ ഈയൊരു ദിവസം എല്ലാവരും എത്തുന്നു. പണ്ട് അയല്‍വീടുകളിലുള്ളവര്‍ മതം നോക്കാതെ ഒത്തൊരുമിച്ച് ആഘോഷിച്ചത് ഇന്ന് പൊതുഇടങ്ങളില്‍ തുടരുന്നു എന്നുമാത്രമേയുള്ളു വ്യത്യാസം.
കേരളത്തിന്റെ പൊതുവായ മതേതര-സാംസ്‌കാരിക തനിമയുടെ ഭാഗമായാണ് ഏവരും ഓണത്തെ പരിഗണിക്കുന്നതെന്നതാണ് ഈ നാടിന്റെ സുകൃതം.
















