ന്യൂദല്‍ഹി: 7400 ടണ്ണിനേക്കാള്‍ ഭാരക്കൂടുതലുള്ള അടുത്ത തലമുറയില്‍പ്പെട്ട ഡിസ്ട്രോയറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്റെ മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളുടെ സാങ്കേതിക വിദ്യ സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ഒരു ഡിസ്ട്രോയർ യുദ്ധക്കപ്പല്‍ എന്നത് വേഗതയേറിയതും, വളരെ സങ്കീര്‍ണ്ണമായ യുദ്ധദൗത്യങ്ങള്‍ കൈകാര്യം ചെയ്യാന്നതും, ദീർഘനേരം യാത്രചെയ്യാന്‍ ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ്.
ഒരു ഫ്ലീറ്റിലോ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലോ ഉള്ള വലിയ കപ്പലുകളെ സംരക്ഷിക്കുന്നതിനായി അകമ്പടി സേവിക്കുന്നവയാണ് ഡിസ്ട്രോയര്‍ വിഭാഗത്തില്‍പ്പെടുന്ന യുദ്ധക്കപ്പല്‍. വിമാനങ്ങളില്‍ നിന്നും കരയില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും മുങ്ങിക്കപ്പലുകളില്‍ നിന്നും മറ്റ് യുദ്ധക്കപ്പലുകളില്‍ നിന്നും ഉള്ള ആക്രമണങ്ങളില്‍ നിന്നും വലിയ കപ്പലുകളെ സംരക്ഷിക്കാന്‍ രൂപകൽപ്പന ചെയ്തിട്ടുള്ള യുദ്ധക്കപ്പലാണ് ഇത്.
അടുത്ത തലമുറയില്‍ പെട്ട ഡിസ്ട്രോയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാ ണ് ഇന്ത്യ. പ്രോജക്റ്റ് 18 എന്നാണ് ഈ ഡിസ്ട്രോയര്‍ വിഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതുവരെ ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളത് 7,400 ടൺ ഭാരമുള്ള ഡിസ്ട്രോയറുകളാണ്. ഇവയെ വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകള്‍ എന്നാണ് വിളിക്കുന്നത്. ഇവയെല്ലാം മുംബൈയിലെ മസ്ഗവോണ്‍ കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചവയാണ്.
ഇതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭാരമുള്ള വലിയ ഡിസ്ട്രോയറുകള്‍ നിര്‍മ്മിക്കാനാണ് പ്രതിരോധമന്ത്രാലയം ആഗ്രഹിക്കുന്നത്. 7,400 ടൺ ഭാരമുള്ള വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾക്കും അപ്പുറമുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായിട്ടാണ് പ്രോജക്റ്റ് 18 വിഭാവനം ചെയ്തിരിക്കുന്നത്.
ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറുകള്‍ ഈ വിഭാഗത്തില്‍പെടുന്ന ഭാരം കൂടിയ യുദ്ധക്കപ്പലാണ്. ജപ്പാന്റെ മായ ഡിസ്ട്രോയറുകളില്‍ ഉപയോഗിച്ചിരിക്കുന്ന കൂടുതല്‍ ആധുനികമായ പ്രോഗ്രാമിൽ നിന്ന് സാങ്കേതികവിദ്യകൾ വാങ്ങാനാണ് രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം ആഗ്രഹിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. സംയോജിത വ്യോമ പ്രതിരോധം, സെൻസർ ഫ്യൂഷൻ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധം, നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധം എന്നീ സാങ്കേതികവിദ്യകളില്‍ അങ്ങേയറ്റം ആധുനിക സാങ്കേതികവിദ്യകള്‍ മായയില്‍ ഉപയോഗിക്കുന്നു. ഈ മേഖലകളില്‍ ജപ്പാനുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യ വടക്കുകിഴക്കൻ ഏഷ്യയിൽ വിന്യസിച്ചിരിക്കുന്ന വലുതും കൂടുതൽ കഴിവുള്ളതുമായ കപ്പലുകളുടെ അതേ വിശാലമായ വിഭാഗത്തില്‍ ഇടം പിടിക്കും.
ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറിന്റെ ഹളില്‍ അമേരിക്കയുടെ. എ.ഇ.ജി.ഐ.എസ്. എന്ന യുദ്ധ സംവിധാനവും അത്യാധുനിക മിസൈൽ ആയുധങ്ങളും സംയോജിപ്പിച്ചിരിക്കുന്നു. ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറിന് ജെ.എസ്. മായ, ജെ.എസ്. ഹഗുറോ എന്നീ രണ്ട് തരം ഡിസ്ട്രോയര്‍ യുദ്ധകപ്പലുകൾ ആണുള്ളത്. ഇവയ്‌ക്ക് ഏകദേശം 10,250 ടൺ ഭാരമുണ്ട്. ഇത് മിക്ക പരമ്പരാഗത ഡിസ്ട്രോയറുകളേക്കാളും കൂടുതൽ ആന്തരിക വ്യാപ്തി ഉള്ളവയാണ്. ഭാവിയിൽ കര ആക്രമണ ക്രൂയിസ് മിസൈലുകൾ സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവയുടെ പ്രധാന കരുത്ത് ഇതിന്റെ ഫ്ലീറ്റ് എയർ ഡിഫൻസാണ്. ഓരോ മായ ക്ലാസ് ഡിസ്ട്രോയറുകളിലും SM-3, SM-6 എന്ന് മിസൈലുകളെ തകര്‍ക്കുന്ന ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ആണഉള്ളത്.SM-3, SM-6 എന്നിവ അമേരിക്കയുടെ സാങ്കേതികവിദ്യയാണ്. വായുവിലൂടെ വരുന്ന ബലിസ്റ്റിക് മിസൈലുകളെ അടിച്ചിടുന്നതില്‍ കൃത്യതയുള്ളവയാണ് SM-3 ഉം SM-6 ഉം. മായ ഡിസ്ട്രോയറില്‍ SM-3, SM-6 എന്നീ മിസൈൽ ഇന്റർസെപ്റ്ററുകളെ പ്രാഥമിക ആയുധമായി ഉൾക്കൊള്ളുന്ന 96 ലംബ വിക്ഷേപണ സെല്ലുകൾ ഒരുക്കിയിട്ടുണ്ട്. അതായത് ശത്രു അയയ്‌ക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നര്‍ത്ഥം. .
ഇന്ത്യയുടെ പ്രോജക്ട് 18 പ്രകാരം 11,000–13,000 ടൺ ശേഷിയുള്ള ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളാകും നിര്‍മ്മിക്കുക. ഇത് ഇന്ത്യയുടെ നിലവിലുള്ള 7400 ടണ്‍ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളേക്കാൾ വളരെ വലുതായിരിക്കും. ഭാരം കൂടുന്തോറും റഡാർ ഉപകരണങ്ങൾ, വൈദ്യുതോൽപ്പാദനം, മിസൈലുകൾ, വ്യോമയാന സൗകര്യങ്ങൾ, ഭാവിയിലെ നവീകരണങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ ഇടം ലഭിയ്‌ക്കും. ഇന്ത്യയുടെ നിലവിലെ വിശാഖപട്ടണം വിഭാഗത്തില്‍പ്പെടുന്ന 7400 ടണ്‍ ഭാരമുള്ള ഡിസ്ട്രോയറുകളില്‍ ബരാക്-8/LR-SAM മിസൈലുകളും 16 ബ്രഹ്മോസ് മിസൈലും വിക്ഷേപിക്കാന്‍ പ്രത്യേകമായി 32 സെല്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് അവയ്‌ക്ക് വിമാനത്തില്‍ നിന്നുള്ള ആക്രമണത്തേയും കപ്പൽ വഴിയുള്ള ആക്രമണത്തേയും പ്രതിരോധിക്കാന്‍ ശേഷി നല്‍കും. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ ഇന്ത്യ പടുത്തുയര്‍ത്തിയ ബ്രഹ്മോസ് മിസൈലിന് ജപ്പാന്റെയോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേയോ ഏത് വിഭാഗത്തില്‍പ്പെട്ട മിസൈലുകളേക്കാള്‍ കപ്പലുകളെ തകര്‍ക്കാനുളള ശേഷിയുണ്ട്. ഇസ്രായേലില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിച്ച ബരാക്-8 മിസൈല്‍ പക്ഷെ SM-3, SM-6 എന്നീ മിസൈല്‍ ഇന്‍റര്‍സെപ്റ്ററുകളോളം കരുത്തുള്ളവയല്ല. അതിനാല്‍ ജപ്പാന്റെ മായ സാങ്കേതികവിദ്യ ലഭിച്ചാല്‍ ഇന്ത്യയുടെ അടുത്ത തലമുറ ഡിസ്ട്രോയറുകള്‍ക്ക് SM-3, SM-6 എന്നീ വിഭാഗത്തില്‍പ്പെട്ട കരുത്തുറ്റ മിസൈല്‍ ഇന്‍റര്‍സെപ്റ്ററുകളും ലഭിക്കും. ജപ്പാന്റെ മായ വഴിയല്ലാതെ ഇന്ത്യയ്‌ക്ക് ഒരിക്കലും അമേരിക്കയുടെ ഈ കരുത്തുറ്റ SM-3, SM-6 വിഭാഗത്തില്‍പ്പെട്ട മിസൈല്‍ അമേരിക്ക ഒരിയ്‌ക്കലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയില്ല.
















