കോട്ടയം ; ബിജെപി ന്യൂനപക്ഷ വിരുദ്ധരാണ് എന്നൊരു നരേറ്റീവ് നമ്മുടെ സമൂഹത്തിലുണ്ട്. അതു മാറ്റിയെടുക്കുക എന്നതാണു തന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്ജ്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷോണിന്റെ പ്രസ്താവന.
ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നു പറയുന്നിടത്ത് അത് അങ്ങനെയല്ല എന്നു സ്ഥാപിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതിനാണു ശ്രമം. അതു മാത്രമല്ല യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കുകയെന്ന ദൗത്യവും മുന്നിലുണ്ട്. എഫ്‌സിആര്‍എ ബില്‍ ഞങ്ങള്‍ക്കു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നു പലരും പറയുന്നുണ്ട്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. 60% ക്രൈസ്തവരുള്ള പൂഞ്ഞാറിലെ തെക്കേക്കര ഭരിക്കുന്നത് ബിജെപി ആണ്.
2010 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍നിന്ന് ഒരു വ്യത്യാസവും ബിജെപി വരുത്തിയിട്ടില്ല. എന്നിട്ടും ബിജെപിയുടെ മുതുകത്ത് കയറി. അത് കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ അജണ്ടയില്‍ ചില ആളുകള്‍ പെടുന്നു എന്നുള്ളതാണ്. അതിനെ അതിനകത്തുനിന്നു മോചിതരാക്കണം എന്നുള്ളതാണ് എന്റെ ദൗത്യം. അത് ഞാന്‍ ചെയ്യും.
എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത്. പ്രീണനത്തിനു വേണ്ടി എല്ലാത്തിനെയും ബലിയാടാക്കുകയാണ് കേരളത്തില്‍ ചെയ്യുന്നത്
മതമാണ് പ്രശ്‌നം എന്നു പറയുന്ന കെ.എം. ഷാജി സംസ്ഥാനത്തെ മന്ത്രിയാണ്. എന്റെ സമുദായത്തിനു കഴിഞ്ഞ 10 വര്‍ഷക്കാലം നഷ്ടപ്പെട്ടതു തിരിച്ചു വാങ്ങി നല്‍കാനാണ് അധികാരത്തില്‍ വരുന്നത് എന്ന് പറയുന്ന ആളാണ് കേരളത്തിലെ മന്ത്രി. ആ നാട്ടില്‍ എനിക്ക് എന്റെ വിശ്വാസങ്ങളെ സംരക്ഷിക്കണമെങ്കില്‍ അതിന് ബിജെപി തന്നെയാണ് നല്ലത്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എല്ലാം ചെയ്യുന്നത്.‘ എന്നും ഷോൺ പറഞ്ഞു.















