അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തില്‍ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം.
ആശുപത്രിയുടെ മൂന്നാം നിലയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തം. എൻഐസിയുവിലെ ഔട്ട്ബോൺ വിഭാഗത്തിലായിരുന്നു തീപിടിത്തം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. മാസം തികയാതെ ജനിച്ചവരും, ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും ഡിവിഷണൽ റഫറൽ സർവീസസ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഒരു കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മഹാരാഷ്‌ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ ഉത്തരവിട്ടു.
















