മലപ്പുറം: ഓണാഘോഷത്തിനിടെ കൊണ്ടോട്ടിയിൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ സഞ്ചരിച്ച കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തത്. വിദ്യാർത്ഥികളെത്തിയ കാറിൽ നിന്ന് രാസലഹരി കണ്ടെത്തുകയായിരുന്നു.
എക്സൈസ് പട്രോളിങ് വാഹനം കണ്ട ഉടൻ തന്നെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതികളാക്കി എക്സൈസ് അധികൃതർ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരെ കർശന പരിശോധനകൾ തുടരുന്നതിനിടയാണ് ഓണാഘോഷത്തിനിടെ ഈ സംഭവം ഉണ്ടായത്.
വളാഞ്ചേരിയിൽ നടന്ന വേട്ടയിൽ രാസലഹരിയും കഞ്ചാവും തിമിംഗല ഛർദിലും പോലീസ് പിടിച്ചെടുത്തു. ലക്ഷദ്വീപ് സ്വദേശികളായ പുരുഷനും സ്ത്രീയും അടക്കം മൂന്നു പേർ അറസ്റ്റിലായി. ലക്ഷദ്വീപ് സ്വദേശികളുടെ വാടകവീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. മലപ്പുറം രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. 43 ഗ്രാം എംഡിഎംഎ, നാല് കി.ഗ്രാം കഞ്ചാവ്, മൂന്ന് കി.ഗ്രാം തിമിംഗല ഛര്‍ദില്‍ പിടിച്ചെടുത്തു.
അതേസമയം, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്‍ കൂടി അറസ്റ്റിലായതോടെ കഴിഞ്ഞ 80 ദിവസത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. കേരളാ പോലീസ് ഓഗസ്റ്റ് 20 ന് വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.















