
കൊച്ചി:മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസില്‍ വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം വിചാരണ നടപടികളില്‍ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മുട്ടില്‍ മരം മുറിക്കേസിലെ നടപടികള്‍ വയനാട്ടിലെ വിചാരണ കോടതിയില്‍ നടക്കുകയാണെന്നും അതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്‌ക്കണം എന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ആവശ്യപ്പെട്ടത്.
അതേസമയം, കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ ഇന്ന് ഹാജരാകണം എന്ന ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം ആന്റോ ആഗസ്റ്റിനും, ജോസ് കുട്ടി അഗസ്റ്റിനും പാലിച്ചില്ല. കോടതിയില്‍ ഹാജരായ റോജി അഗസ്റ്റിനോട് മറ്റുള്ളവര്‍ എവിടെ എന്ന് ചോദിച്ച മജിസ്ട്രേറ്റ് ആളെ കളിപ്പിക്കുകയാണോ എന്നും ചോദിച്ചു.
ചോറ്റാനിക്കര മജിസ്ട്രെറ്റ് കോടതിയുടെ പരിധിയില്‍ വഞ്ചനക്കേസ് നില നില്‍ക്കില്ല എന്ന ഹര്‍ജിയില്‍ വിചാരണക്ക് അധികാരം ഉണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് വെളളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും എന്ന് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണയുടെ ഭാഗമാവാനുള്ള അഗസ്റ്റിന്‍ സഹോദരന്‍മാരുടെ അപേക്ഷയിലും കോടതി നാളെ തീരുമാനം പറയും.