ഭാരതം എണ്‍പതാം സ്വാതന്ത്ര്യദിനം അഭിമാനപൂര്‍വം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ദല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ രാജ്യത്തിന്റെ നേട്ടങ്ങളെയും പ്രധാനമന്ത്രിയെയും വിദേശനയത്തെയും അപമാനിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ശ്രമിച്ചത്. സ്വാതന്ത്ര്യദിനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്താന്‍ സോണിയയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നടത്തിയ ശ്രമങ്ങളും രാജ്യം കണ്ടു.
വിദേശമണ്ണിലും രാജ്യത്തെ വിവിധ വേദികളിലും ഭാരതത്തിന്റെ വിദേശനയത്തെ കുറ്റപ്പെടുത്തുന്നത് രാഹുലിനും കൂട്ടര്‍ക്കും ഒരു ശീലമാണിന്ന്. സ്വന്തം മാതൃരാജ്യത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങളെ നിസ്സാരവത്കരിക്കുന്നവര്‍ക്കുള്ള ഏറ്റവും ശക്തമായ മറുപടിയാണ് അമേരിക്കന്‍ അന്താരാഷ്‌ട്ര ഏജന്‍സിയായ ‘പ്യൂ റിസര്‍ച്ച് സെന്റര്‍’ അടുത്തിടെ പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍.
തിളങ്ങുന്ന അയല്‍പക്ക നയം
ലോകത്തിലെ 36 പ്രമുഖ രാജ്യങ്ങളില്‍ നടത്തിയ പ്യൂ റിസര്‍ച്ചിന്റെ 2026-ലെ ‘ഗ്ലോബല്‍ ആറ്റിറ്റിയൂഡ് സര്‍വേ’ പ്രകാരം സര്‍വേയില്‍ പങ്കെടുത്ത ആഗോള ജനസംഖ്യയുടെ 45 ശതമാനവും ഭാരതത്തെ അനുകൂലിക്കുന്നവരാണ്. പ്രതികൂലമായി കാണുന്നത് 41 ശതമാനമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘അയല്‍പക്കത്തിന് പ്രഥമ പരിഗണന’യെന്ന നയതന്ത്ര സമീപനം എത്രത്തോളം വിജയകരമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ പങ്കെടുത്ത ശ്രീലങ്കന്‍ ജനതയുടെ 79 ശതമാനം പേരും ഭാരതത്തെ അത്യാദരവോടെയാണ് വീക്ഷിക്കുന്നത്. അതിന് പുറമെ 63 ശതമാനം ശ്രീലങ്കക്കാരും ഭാരതത്തെ തങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷി രാജ്യമായി അംഗീകരിക്കുന്നു.
2022-ല്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറിയപ്പോള്‍ 7.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ഭക്ഷ്യ-ഇന്ധന സാമഗ്രികളും നല്‍കി കരകയറ്റിയ ഭാരതത്തിന്റെ ഉദാരമനസ്‌കതയ്‌ക്കുള്ള മറുപടിയാണിത്. കമ്യൂണിസ്റ്റ് ചൈനയുടെ കടക്കെണി തന്ത്രത്തില്‍ വീണുപോകുമായിരുന്ന ഒരു അയല്‍രാജ്യത്തെ വീണ്ടെടുത്തുകൊണ്ട് ന്യൂദല്‍ഹി നല്‍കിയ ഉറച്ച പിന്തുണയാണ് സര്‍വ്വേയില്‍ പ്രതിഫലിച്ചത്.
പാശ്ചാത്യ ലോകത്തും സ്വാധീനം
ഭാരതത്തിന്റെ പ്രഭ പരക്കുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ മാത്രമല്ല. പശ്ചാത്യ ലോകത്തും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രാജ്യത്തിന്റെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. സര്‍വേ ഫലങ്ങള്‍ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ 71 ശതമാനം പേരും ഭാരതത്തെ പിന്തുണയ്‌ക്കുന്നു. നൈജീരിയയില്‍ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 47 ശതമാനവും എതിര്‍ക്കുന്നവര്‍ 39 ശതമാനവും അഭിപ്രായമില്ലാത്തവര്‍ 13 ശതമാനവുമാണ്.
സാങ്കേതികവിദ്യയിലും വ്യാപാരത്തിലും കരുത്തരായ ബ്രിട്ടണ്‍ (71%) ജര്‍മ്മനി (63%), ഇറ്റലി (56%), സ്വീഡന്‍ (55%), ഫ്രാന്‍സ് (50%) തുടങ്ങിയ വന്‍കിട രാഷ്‌ട്രങ്ങളെല്ലാം ഭാരതത്തോടൊപ്പം നിലകൊള്ളുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ബ്രിട്ടണിലും ജര്‍മ്മനിയിലും ഫ്രാന്‍സിലുമെല്ലാം ഭാരതത്തോടുള്ള ജനങ്ങളുടെ അനുകൂല നിലപാടില്‍ 6 മുതല്‍ 14 ശതമാനം വരെ വര്‍ധനവുണ്ടായെന്നത് ഭാരതത്തിന്റെ വിദേശനയത്തിന് ലഭിച്ച അംഗീകരമാണ്. ഭാരതത്തെ പിന്തുണയ്‌ക്കുന്ന ഇസ്രായേല്‍ (60 ശതമാനം), അമേരിക്ക (45 ശതമാനം) എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഭാരതത്തിന്റെ പൂര്‍വ്വേഷ്യന്‍ പങ്കാളികളായ ജപ്പാന്‍ (55%), തായ്ലാന്റ് (55%), സിംഗപ്പൂര്‍ (51%), ഇന്തോനേഷ്യ (50%) എന്നിവിടങ്ങളിലെല്ലാം രാജ്യത്തിനുള്ള പിന്തുണ വളരെയധികം വര്‍ധിച്ചു.
ശത്രുരാജ്യങ്ങളുടെ നിലപാടും പ്രതിപക്ഷ രാഷ്‌ട്രീയവും
രാഹുലും കോണ്‍ഗ്രസും പുലര്‍ത്തുന്ന സമാന മനസ്ഥിതിയാണ് ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങളും സര്‍ക്കാരുകളും ഭാരതത്തോട് പുലര്‍ത്തുന്നത്. പാകിസ്ഥാനില്‍ ഭാരതത്തോടുള്ള എതിര്‍പ്പ് 91 ശതമാനമാണ്. ബംഗ്ലാദേശില്‍ ന്യൂദല്‍ഹിയോടുള്ള അനുകൂല നിലപാട് 42 ശതമാനമായി കുറയുകയും എതിര്‍പ്പ് 51 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീരുമാനമില്ലാത്തവരുടെ എണ്ണം 24 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറഞ്ഞത് ശുഭ സൂചനയാണ്. തുര്‍ക്കിയില്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് ഭാരതത്തെ അനുകൂലിക്കുന്നത്. 85 ശതമാനം ആളുകളും ഭാരതത്തെ എതിര്‍ക്കുന്നു. പലസ്തീന്‍ അവകാശവാദം നിലനി
ല്‍ക്കുന്ന വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 18 ശതമാനം മാത്രമാണ് ഭാരതത്തിന് അനുകൂലം.
2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറും’ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതുമാണ് പാകിസ്ഥാനെയും അവരുടെ സഖ്യകക്ഷികളെയും ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ തുര്‍ക്കിയുടെ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ മേന്മ തകര്‍ന്നതും അങ്കാറയുടെ ശത്രുരാജ്യങ്ങളായ അര്‍മേനിയയ്‌ക്കും ഗ്രീസിനും ഭാരതം ആയുധങ്ങള്‍ വില്‍ക്കുന്നതിന്റെയും പ്രതിഫലമാണ് സര്‍വ്വെയില്‍ ഉണ്ടായത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ പാകിസ്ഥാനില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതില്‍ അതിശയമില്ല. അത് രാജ്യത്തിന്റെ നയതന്ത്രത്തിന്റെ പരാജയമല്ല. മറിച്ച് രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ കാണിച്ച ധീരതയുടെ വിജയമാണ്. പാകിസ്ഥാന്‍ ഭാരതത്തെ എതിര്‍ക്കുന്നത് ന്യൂദല്‍ഹിയുടെ കരുത്ത് കണ്ടിട്ടാണ്. അല്ലാതെ ബലഹീനത കൊണ്ടല്ലെന്ന് തിരിച്ചറിയാനുള്ള രാഷ്‌ട്രീയ പാകത പോലും രാഹുലിനില്ല. പല രാജ്യങ്ങളിലെയും എതിര്‍പ്പിന്റെ പ്രധാന കാരണം ആഭ്യന്തര തലത്തില്‍ ഉയര്‍ന്നുവന്ന തീവ്ര രാഷ്‌ട്രീയ സമവാക്യങ്ങളും ഭാരതത്തിനെതിരായ പ്രചാരണങ്ങളുമാണ്. ബംഗ്ലാദേശ് അതിനൊരു ഉദാഹരണമാണ്.
ദുര്‍ബല നയതന്ത്രത്തില്‍ നിന്നുള്ള മോചനം
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ഭരണത്തില്‍ വിദേശനയം ആത്മവിശ്വാസമില്ലാത്തതും അനാവശ്യ പ്രതിരോധത്തിലൂന്നിയതുമായിരുന്നു. പ്രധാന അന്താരാഷ്‌ട്ര തീരുമാനങ്ങളിലോ ഭൗമരാഷ്‌ട്രീയ തര്‍ക്കങ്ങളിലോ സ്വന്തമായി ഉറച്ച നിലപാട് എടുക്കാന്‍ ഭാരതം മടിച്ചുനിന്നു. ആഭ്യന്തര സമ്പദ്വ്യവസ്ഥയിലും സൈനിക ശക്തിയിലും വേണ്ടത്ര സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാത്തത് ആഗോളതലത്തില്‍ ഭാരതത്തിന്റെ ശബ്ദം ദുര്‍ബലമാകുന്നതിന് കാരണമായി. അതിര്‍ത്തി സുരക്ഷയിലും നയതന്ത്ര വിഷയങ്ങളിലും അയഞ്ഞ സമീപനം പുലര്‍ത്തിയത് ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയേയും ബാധിച്ചു.
സാമ്പത്തികമായും തന്ത്രപരമായും ലോക രാജ്യങ്ങള്‍ ഭാരതത്തെ നിര്‍ണ്ണായക ശക്തിയായി പരിഗണിക്കാതിരുന്ന കാലഘട്ടമായിരുന്നു അത്. പല അന്താരാഷ്‌ട്ര വേദികളിലും ഭാരതമെന്ന പേര് വെറുമൊരു ഔദ്യോഗിക സാന്നിധ്യം മാത്രമായി ഒതുങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടമായപ്പോള്‍ ഭാരതം സാമ്പത്തികമായും സൈനികമായും ലോകത്തിലെ മുന്‍നിര ശക്തിയായി ഉയര്‍ന്നുവന്നു. ആഗോള വിപണിയില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ധിച്ചതിനൊപ്പം വിദേശനയത്തില്‍ ഭാരതത്തിന്റെ ആത്മവിശ്വാസവും വ്യക്തതയും ലോകം അംഗീകരിക്കുന്ന തലത്തിലെത്തി. നയതന്ത്ര തലത്തില്‍ ഒരു രാജ്യത്തിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സ്വന്തം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന സ്വതന്ത്ര വിദേശനയമാണ് ഇന്ന് ഭാരതം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതോടൊപ്പം ഭാരതീയ സംസ്‌കാരവും പാരമ്പര്യ അറിവുകളും ലോകമെമ്പാടും വന്‍തോതില്‍ ആദരവോടെ സ്വീകരിക്കപ്പെടുന്നു. ചുരുക്കത്തില്‍, കോണ്‍ഗ്രസ് ഭരണകാലത്തെ നിഷ്‌ക്രിയത്വത്തില്‍ നിന്ന് ലോക രാഷ്‌ട്രീയത്തിലെ പ്രബലമായൊരു ശക്തിയായി ഇന്ന് ഭാരതം തലയുയര്‍ത്തി നില്‍ക്കുന്നു.
ലോകവേദിയില്‍ ഭാരതത്തിന്റെ ആഗോള പ്രതിച്ഛായ തകര്‍ന്നടിയുകയാണെന്ന രാഹുലിന്റെ വിലാപങ്ങള്‍ വെറും രാഷ്ടീയ നിരാശയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. രാഷ്‌ട്രീയ ലാക്കോടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് സ്വന്തം നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന രാഹുലും കോണ്‍ഗ്രസ്സും വസ്തുതകള്‍ മനസ്സിലാക്കി തെറ്റുതിരുത്തുമെന്ന് അവരുടെ പൂര്‍വ്വകാല ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ കരുതുകയും സാധ്യമല്ല.
















