വിജയവാഡ: സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു.
സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം. ഷാഫിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ടു. കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ ഭിന്നതകളുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് തിരിച്ചറിയാതിരിക്കാൻ മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളി. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. കല്യാണിയുടെ കൈയിൽ തൂവൽ പച്ചകുത്തിയിരുന്നു. ഇത് കണ്ടാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചതും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതും.
കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നു. ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ കൂടെയാണ്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
















