ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (എഫ്ആര്‍എസ്) ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമായിരുന്നെന്നും മുഴുവന്‍ പേരെയും വിവേചനരഹിതമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ദല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. പ്രതിഷേധങ്ങളില്‍ പോലീസ് സ്വീകരിച്ച നിരീക്ഷണ സംവിധാനങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് പൊലീസിന്‌റെ വിശദീകരണം. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള നിയമാനുസൃതമായ നടപടിയായാണ് എഫ്ആര്‍എസ് ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
മുന്‍ കുറ്റകൃത്യങ്ങളില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ മുഖം മാത്രമേ ഈ സാങ്കേതികവിദ്യ പകര്‍ത്തൂ. മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വേയര്‍ പ്രതിഷേധ സ്ഥലത്തെ എല്ലാവരുടേയും പ്രൊഫൈലുകള്‍ സ്വയമേവ പിടിച്ചെടുക്കുകയോ സൃഷ്ടിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല’ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
















