ശന്തനു മഹാരാജാവ് ധര്‍മ്മപത്‌നിയായി വരിച്ച ഗംഗാദേവി വിവാഹത്തിന് ഒരു വ്യവസ്ഥ വച്ചിരുന്നു. ദേവി എന്തു ചെയ്താലും അത് ശുഭമായാലും അശുഭമായാലും തടയരുതെന്നും, അപ്രിയമായതൊന്നും തന്നോട് പറയരുതെന്നും ഉള്ളതായിരുന്നു വ്യവസ്ഥ. ഇത് അംഗീകരിച്ചുകൊണ്ടാണ് ശാന്തനു ഗംഗാദേവിയെ സ്വീകരിച്ചത്. ശന്തനുവിന് ഗംഗാദേവിയില്‍ എട്ട് പുത്രന്മാര്‍ പിറന്നു. പിറന്ന ഉടന്‍തന്നെ ഏഴ് പുത്രന്മാരെയും ദേവി ഗംഗയില്‍ എറിഞ്ഞുകൊന്നു. വിവാഹ സമയത്തെ കരാര്‍ അംഗീകരിച്ച് ഇതെല്ലാം സഹിക്കാന്‍ മാത്രമേ ശന്തനുവിന് കഴിഞ്ഞുളളൂ.
എട്ടാമത്തെ കുട്ടി പിറന്നപ്പോള്‍ അതുവരെ നിശ്ശബ്ദത പാലിച്ച രാജാവ് കുട്ടിയെ ഗംഗയില്‍ എറിയുന്നത് തടഞ്ഞു. തന്റെ ധര്‍മ്മപത്‌നിയെക്കുറിച്ച് അതുവരെ ഒരന്വേഷണവും നടത്താതിരുന്ന ശന്തനു നീ ആരെന്നും നിന്റെ ഈ കര്‍മ്മങ്ങള്‍ എന്തിനുവേണ്ടിയാണെന്നും ഗംഗയോട് ചോദിച്ചു. തന്റെ ജന്മോദ്ദേശവും കര്‍മ്മകാരണവുമെല്ലാം ശന്തനുവിനോട് വിവരിച്ചതിനുശേഷം എട്ടാമത്തെ പുത്രനെയുംകൊണ്ട് ഗംഗ അന്തര്‍ധാനം ചെയ്തു.
ഗംഗാദേവി എട്ടാമത്തെ പുത്രനുമായി രാജാവിനെ ഉപേക്ഷിച്ച് പോയതിനുശേഷം സ്ത്രീരതി പ്രീതി വെടിഞ്ഞാണ് ശന്തനു കഴിഞ്ഞത്. പ്രജകളെ രസിപ്പിച്ചുകൊണ്ട് 32 വര്‍ഷം രാജ്യഭരണം നിര്‍വഹിച്ച ശന്തനു ഒരുനാള്‍ വനത്തില്‍ സഞ്ചരിക്കുകയായിരുന്നു. സഞ്ചാരത്തിനിടയില്‍ ഗംഗാതീരത്തെത്തിയ ശന്തനു നദിയില്‍ വെള്ളം വളരെ കുറഞ്ഞിരിക്കുന്നതായി കണ്ടു. ഇതിന്റെ കാരണംതേടി ഗംഗാതീരത്തുകൂടി നടന്ന രാജാവ് കാണുന്നത് ദേവതുല്യം തേജസ്വിയായ ഒരു കുമാരനെയാണ്. ഈ കൂമാരന്‍ അസ്ത്രജാലങ്ങള്‍കൊണ്ട് ഗംഗാപ്രവാഹത്തെ തടഞ്ഞു നിര്‍ത്തിയിരിക്കുന്ന അത്ഭുതകരമായ കാഴ്ചയും രാജാവ് കണ്ടു. അത് തന്റെ പുത്രനായ ഗാംഗേയനാണെന്ന് രാജാവ് തിരിച്ചറിഞ്ഞില്ല. രാജാവിന്റെ മനസ്സില്‍ വലിയ മോഹം ജനിപ്പിച്ചുകൊണ്ട് പ്രിയദര്‍ശനനായ കുമാരന്‍ ദൃഷ്ടിയില്‍നിന്ന് മറഞ്ഞു. ഈ കുമാരന്‍ തന്റെ പുത്രന്‍ തന്നെയോ എന്ന ശങ്കയാല്‍ അദ്ദേഹം ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു.
ദേവി കുമാരനോടുകൂടി രാജാവിനു മുമ്പാകെ പ്രത്യക്ഷയായി. ഗംഗാദേവി രാജാവിനോടു പറഞ്ഞു: ഹേ രാജാവേ, എന്നില്‍ ഭവാനുണ്ടായ എട്ടാമത്തെ പുത്രനായ ഗാംഗേയനാണ് ഇവന്‍. ഞാന്‍ വളര്‍ത്തിയ ഇവന്‍ സകല ദിവ്യാസ്ത്രങ്ങളും പഠിച്ചിരിക്കുന്നു. വസിഷ്ഠ മഹര്‍ഷിയില്‍നിന്നും ഇവന്‍ വേദവേദാംഗങ്ങള്‍ അഭ്യസിച്ചിരിക്കുന്നു. ധനുര്‍വിദ്യയില്‍ പരശുരാമനാണ് ഇവന്റെ ഗുരു. സര്‍വജ്ഞനായ ഈ പുത്രനെ അങ്ങ് സ്വീകരിച്ചാലും.’ അതീവ സന്തുഷ്ടനായ ശന്തനു മഹാരാജാവ് താന്‍ സര്‍വകാമാര്‍ഥ സിദ്ധനായെന്ന് വിശ്വസിച്ചു. ഗാംഗേയനെ അദ്ദേഹം യുവരാജാവായി അഭിഷേകംചെയ്തു. തന്റെ ഭരണനൈപുണ്യം കൊണ്ടും സ്വഭാവമഹിമ കൊണ്ടും ഗാംഗേയന്‍ പിതാവിനെയും പ്രജകളെയും സന്തോഷിപ്പിച്ചു. ഗാംഗേയന്റെ സദ്ഭരണകാലത്ത് രാജ്യത്ത് വരുമാനം വര്‍ധിച്ചു. ചെലവ് വളരെ കുറഞ്ഞു. ഇങ്ങനെ നാലു വര്‍ഷം കഴിയവെ രാജ്യഭാരം മകനെ ഏല്‍പ്പിച്ച് ശന്തനു നായാട്ടിനായി കാനനത്തിലേക്കു പോയി. കാട്ടില്‍ ഒറ്റപ്പെട്ടുപോയ രാജാവ് യമുനാനദിയുടെ തീരത്തെത്തി. ആ സമയത്ത് അസാധാരണമായ പരിമളത്തിന്റെ ആനന്ദാനുഭൂതിക്ക് അദ്ദേഹം വിധേയനായി. ഈ സുഗന്ധ പ്രവാഹത്തിന്റെ പ്രഭവകേന്ദ്രം അറിയുന്നതിനായി അതിന്റെ വായുഗതി നോക്കി അദ്ദേഹം സഞ്ചരിച്ചു. ഈ അന്വേഷണം താരുണ്യവതിയായ ഒരു സുന്ദരിയുടെ സമീപമാണ് അദ്ദേഹത്തെ എത്തിച്ചത്. ഈ സുന്ദരിയുടെ ശരീരത്തില്‍നിന്നാണ് അസാധാരണമായ നറുമണം പ്രവഹിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി.
വാര്‍ധക്യത്തിലേക്ക് പ്രവേശിച്ച രാജാവ് ആ കന്യകയുടെ സൗന്ദര്യവും സുഗന്ധവും നുകര്‍ന്ന് വിവശനായി. ഇങ്ങനെ ഒരു സൗന്ദ്യര്യവതിയെ കണ്ടാല്‍ മനസ്സിന് ഇളക്കം ഉണ്ടാകരുതാത്ത പ്രായത്തില്‍ എത്തിയ ആളായിരുന്നു ശന്തനു.
ഏഴു പുത്രന്മാര്‍ക്കുശേഷം പിറന്ന ഇപ്പോഴത്തെ യുവരാജാവ് ഗാംഗേയന് ഇപ്പോള്‍ 36 വയസ്സുണ്ട്. സ്ത്രീസാമീപ്യം ആഗ്രഹിക്കാതെയും അനുഭവിക്കാതെയും ഇത്രനാള്‍ കഴിഞ്ഞ രാജാവിനാണ് ഈ സുന്ദരിയെ കണ്ടതോടെ മനോനിയന്ത്രണം നഷ്ടമായത്. ഒരു രാജാവിന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പാളിച്ചയും പരാജയവുമാണ് ശന്തനുവില്‍ ഉണ്ടായത്.
ഒറ്റയ്‌ക്ക് നില്‍ക്കുന്ന ഈ കന്യകയുടെ സമീപമെത്തി രാജാവ് മധുരമായി അവളോട് ചോദിച്ചു:
‘ഹേ സുന്ദരി, നിന്റെ പേരെന്താണ്, നീ ആരുടെ പുത്രിയാണ്, നീ ഇവിടെ എന്തു ചെയ്യുന്നു.’ മറുപടിയായി അവള്‍ പറഞ്ഞു; ‘ഗന്ധകാളി എന്നാണ് എന്റെ പേര്. ഞാന്‍ ദാശരാജാവിന്റെ മകളാണ്. അച്ഛന്റെ നിര്‍ദേശാനുസരണം വഞ്ചി കടത്തുന്ന ജോലി ചെയ്യുന്നു.’ രാജാവ് തുടര്‍ന്ന് ചോദിച്ചു.
‘നിന്നെ ഞാന്‍ വധൂകരിക്കട്ടെ.’ അവള്‍ സ്വാഭാവികമായുണ്ടായ നാണത്തോടെ രാജാവിനോട് പറഞ്ഞു: ‘ഞാന്‍ സ്വതന്ത്രയല്ല. അച്ഛന്റെ നിയന്ത്രണത്തില്‍ വളര്‍ത്തപ്പെടുന്ന കന്യകയാണ് ഞാന്‍. അങ്ങ് അച്ഛനോടാണ് ഈ കാര്യങ്ങള്‍ ചോദിക്കേണ്ടത്.’
കന്യകയുടെ വീട് ചോദിച്ചറിഞ്ഞ് രാജാവ് ദാശരാജാവിന്റെ ഭവനത്തിലെത്തി. മുക്കുവരാജാവിനെ കണ്ട് സ്വയം പരിചയപ്പെടുത്തിയ രാജാവ് സാദരം അദ്ദേഹത്തോട് ചോദിച്ചു. ‘താങ്കളുടെ പുത്രിയെ ഞാന്‍ വധുവായി വരിക്കുന്നു.’
ഹസ്തിനാപുരിയിലെ വിഖ്യാതനായ രാജാവാണ് തന്റെ പുത്രിയെ വധുവായി ആഗ്രഹിച്ച് എത്തിയിരിക്കുന്നത്. രാജാവിന്റെ അപേക്ഷ പെട്ടെന്ന് അംഗീകരിക്കാന്‍ വൈമുഖ്യം കാണിച്ചുകൊണ്ട് മുക്കുവരാജാവ് പ്രതിവചിച്ചു: ‘എന്റെ മകളെ വിവാഹമാലോചിച്ച് അസിത മഹര്‍ഷി വന്നിരുന്നു. ഞാന്‍ സമ്മതിച്ചില്ല.’ മൂന്ന് ലോകങ്ങളിലും പ്രസിദ്ധനാണ് അസിത മഹര്‍ഷി. ഇങ്ങനെ ശന്തനു മഹാരാജാവിനെ ഞെട്ടിക്കും വിധമായിരുന്നു ദാശരാജാവിന്റെ ആദ്യപ്രതികരണം, തന്റെ മകളുടെ സൗന്ദര്യത്തില്‍ വശീകരിക്കപ്പെട്ട ഒരു വശ്യവ്യക്തിയാണ് രാജാവ് എന്ന തിരിച്ചറിവാണ് ഇങ്ങനെ പ്രതികരിക്കാന്‍ മുക്കുവ രാജാവിന് ധൈര്യം പകര്‍ന്നത്. രാജാവിന്റെ മനസ്സിന് ആശ്വാസം നല്‍കുന്നതായിരുന്നു ദാശരാജാവിന്റെ അടുത്ത പ്രതികരണം. ‘അസിത മഹര്‍ഷിയെ ഞാന്‍ നിരസിച്ചുവെങ്കിലും അങ്ങ് എന്റെ പുത്രിക്ക് അനുയോജ്യനായ വരനാണ് എന്ന കാര്യത്തില്‍ എനിക്ക് സമ്മതമാണ്. അതുകൊണ്ട് അങ്ങയ്‌ക്ക് എന്റെ മകളെ വധുവാക്കി തരാം. പക്ഷേ എനിക്ക് ചില വ്യവസ്ഥകള്‍ ഉണ്ട്.’ തനിക്ക് പ്രതീക്ഷ കിട്ടിയ സന്തോഷത്തില്‍ രാജാവ് ചോദിച്ചു. എന്താണ് വ്യവസ്ഥ. ശന്തനു മഹാരാജാവിന് 36 വയസ്സുള്ള ലോക പ്രശസ്തനായ ഒരു പുത്രനുണ്ട് എന്ന തിരിച്ചറിവോടെ മുക്കുവരാജാവ് വ്യവസ്ഥ പറഞ്ഞു: ‘എന്റെ മകളില്‍ ഉണ്ടാകുന്ന മൂത്തപുത്രനെ ഹസ്തിനാപുരിയുടെ സിംഹാസനത്തിന്റെ അവകാശിയാക്കണം.’ ഹസ്തിനപുരിയുടെ സിംഹാസനത്തിന്റെ അടുത്ത അവകാശി ഗാംഗേയനാണ്. ദാശരാജാവിന്റെ വ്യവസ്ഥ ശന്തനുവിനെ തളര്‍ത്തി. മനസ്സു തകര്‍ന്ന അദ്ദേഹം അതിന് മറുപടി കൊടുക്കാതെ കൊട്ടാരത്തിലേക്ക് മടങ്ങി.
കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ശന്തനു രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ഗാംഗേയനു വേണ്ട ഉപദേശങ്ങളൊന്നും നല്‍കാതെ ദുഃഖിതനായി കഴിഞ്ഞു. സത്യവതിയുടെ മനോഹരരൂപം ചിന്തിച്ച് രാജാവിന്റെ മനോനിയന്ത്രണം നഷ്ടമായി. അലസനായി ആഹാരം പോലും വേണ്ടവിധം കഴിക്കാതെ തന്റെ മുറിയില്‍ത്തന്നെ കഴിഞ്ഞ് അദ്ദേഹം ദിനങ്ങള്‍ തള്ളിനീക്കി. അച്ഛനില്‍ സംഭവിച്ച മാറ്റം ശ്രദ്ധിച്ച ഗാംഗേയന്‍ അതിന്റെ കാരണമെന്തെന്ന് അദ്ദേഹത്തോടുതന്നെ ചോദിച്ചു.
തന്റെ ഉള്ളിലുള്ള പ്രശ്‌നത്തെ പുറത്ത് അവതരിപ്പിക്കാവുന്ന തരത്തില്‍ പട്ടുടുപ്പിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി അദ്ദേഹം അവതരിപ്പിച്ചു. മകന്റെ ചോദ്യത്തിനുള്ള രാജാവിന്റെ വിചിത്രമായ മറുപടി ഇങ്ങനെയായിരുന്നു.
ഏകാധിപത്യം അനപത്യമാണ് എന്നാണ് സ്മൃതികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു പുത്രനുള്ളത് പുത്രനില്ലാതിരിക്കുന്നതിന് സമമാണ്. എനിക്ക് നീ മാത്രമാണ് പുത്രനായിട്ടുള്ളത്. നീ ആണെങ്കില്‍ ആരെയും സഹിക്കാത്ത അമര്‍ഷണന്‍ ആണ്. അതുകൊണ്ട് നിന്നെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഏതുസമയത്തും നീ ആരുമായും ഒരു യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഉണ്ട്. നീ ഉത്തമനായ പുത്രന്‍തന്നെയാണ്. പക്ഷേ നിനക്കെന്തെങ്കിലും വിപത്തു സംഭവിച്ചാല്‍ നമ്മുടെ മഹത്തായ വംശം അതോടെ നശിക്കും. നമ്മുടെ പുകള്‍പെറ്റ വംശം അന്യംനിന്നു പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതോര്‍ത്ത് എന്റെ മനസ്സ് അസ്വസ്ഥമാണ്.’
ശന്തനു പറഞ്ഞ വാക്കുകളുടെ പൊരുളറിഞ്ഞ ഗാംഗേയന്‍ പിതാവിന്റെ ഇഷ്ടസചിവനെ കണ്ട് രാജാവിന്റെ ദുഃഖകാരണം മനസ്സിലാക്കി. ദാശരാജന്റെ പുത്രിയോടുള്ള അനുരാഗമാണ് തന്റെ പിതാവിന്റെ ദുഃഖഹേതു എന്ന് സചിവനില്‍നിന്നും മനസ്സിലാക്കിയ ഗാംഗേയന്‍ ഒറ്റത്തേരു തെളിച്ച് ദാശരാജാവിന്റെ ഭവനത്തിലെത്തി. തന്റെ ഭവനത്തിലെത്തിയ രാജകുമാരനെ മുക്കുവപ്രഭു വേണ്ടവിധം സ്വീകരിച്ച് ഇരുത്തി. തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയ ഗാംഗേയന്‍ അച്ഛനുവേണ്ടി ദാശരാജന്റെ പുത്രിയെ വധുവായി ആവശ്യപ്പെട്ടു.
ദാശരാജന്‍ ഇതിന് മറുപടിയായി ഗാംഗേയനോട് പറഞ്ഞു: ‘അങ്ങ് ശാസ്ത്രജ്ഞാനമുള്ള ധര്‍മ്മനിഷ്ഠനായ യുവരാജാവാണ്. കുരുവംശവുമായുള്ള ബന്ധം എനിക്ക് കാമ്യമാണ്. എങ്കിലും പിതാവെന്ന നിലയില്‍ ഒരു കാര്യം ഞാന്‍ പറയുന്നു. അങ്ങയുടെ ശത്രുവായി തീരുന്നവന്‍ ദാനവനായാലും ഗന്ധര്‍വനായാലും അവന്‍ അങ്ങയാല്‍ വധിക്കപ്പെടും. അങ്ങ് യുവരാജാവായിരിക്കെ ഈ വിവാഹത്തിന് അങ്ങനെയൊരു ദോഷം ഞാന്‍ കാണുന്നു.’
ദാശരാജാവിന്റെ ആശങ്കകള്‍ ദൂരീകരിക്കാനായി ദേവവ്രതന്‍ ഇങ്ങനെ പ്രഖ്യാപിച്ചു. ‘എനിക്ക് സത്യത്തേക്കാള്‍ വലിയ വ്രതമില്ല. ഞാനിതാ സത്യം ചെയ്യുന്നു. ഈ കന്യകയില്‍ ജനിക്കുന്ന പുത്രന്‍ ഞങ്ങളുടെ രാജാവാകും. ഇത് സത്യം.’ യുവരാജാവിന്റെ ഈ പ്രതിജ്ഞയില്‍ തൃപ്തനാകാതെ ദാശരാജാവ് വീണ്ടും പറഞ്ഞു: ‘അങ്ങ് ചെയ്ത ഈ സത്യം പാലിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ ഭവാന് സന്തതികളുണ്ടാകുമ്പോള്‍ അവര്‍ പിതാവിന്റെ ശപഥം പാലിച്ചുകൊള്ളണമെന്നില്ലല്ലോ.’
മുക്കുവരാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ യുവരാജാവ് അഷ്ടദിക് പാലന്മാരെ സാക്ഷിയാക്കി അതുവരെ ഭാരതചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത ഗംഭീരമായ ഒരു ശപഥം ചെയ്തു: ‘രാജ്യാവകാശം ഉപേക്ഷിച്ചുകൊണ്ടുള്ള എന്റെ പ്രതിജ്ഞ നിങ്ങള്‍ കേട്ടുവല്ലോ. ഞാന്‍ മറ്റൊരു പ്രതിജ്ഞകൂടി ചെയ്യുന്നു. ഇന്നുമുതല്‍ ഞാന്‍ ബ്രഹ്‌മചര്യം സ്വീകരിക്കുന്നു.’ ഈ ശപഥം കേട്ട് ദേവന്മാര്‍ പോലും നടുങ്ങി. ഋഷികള്‍ അത്ഭുതപ്പെട്ടു. എല്ലാ ദേവന്മാരും ഒന്നായി പറഞ്ഞു. ഇവന്‍ ദേവവ്രതനാണ്. ഇവന്‍ ഭീഷ്മനാണ്. ഭീഷ്മമായ, ഭീഷണമായ ശപഥം ചെയ്ത യുവരാജാവ് അതോടെ ഭീഷ്മര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.
തന്റെ കൗശലം ഫലം കണ്ടതിന്റെ ചാരിതാര്‍ഥ്യത്തില്‍ സത്യവതിയെ അദ്ദേഹം ദേവവ്രതനോടൊപ്പം ഹസ്തിനപുരിയിലേക്കയച്ചു. കൊട്ടാരത്തില്‍ എത്തിയ ദേവവ്രതന്‍ സത്യവതിയെ പിതാവിനു മുമ്പില്‍ എത്തിച്ചു. സത്യവതിയെ മുന്നില്‍കണ്ട ശന്തനു അത്ഭുതപരതന്ത്രനായി. പുത്രനോടുള്ള സ്‌നേഹവും വാത്സല്യവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും കവിഞ്ഞൊഴുകി. കണ്ഠം ഇടറിക്കൊണ്ട് അസാധാരണനായ തന്റെ പുത്രനെ അദ്ദേഹം അനുഗ്രഹിച്ചു. ‘മകനെ നീ സ്വച്ഛന്ദമൃത്യുവാകട്ടെ. ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം മൃത്യു നിന്നെ തൊടില്ല.’
മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു ഭീഷ്മരുടെ ശപഥം. ഈ ശപഥം പുത്രധര്‍മ്മാനുഷ്ഠാനത്തിന് അനുയോജ്യമായിരുന്നോ എന്ന് ധര്‍മ്മശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതാണ്. വാര്‍ധക്യത്തിലേക്ക് പ്രവേശിച്ച ശന്തനു ആഗ്രഹിക്കേണ്ടിയിരുന്നത് ഒരു രണ്ടാംവിവാഹമല്ല മറിച്ച് വാനപ്രസ്ഥാശ്രമപ്രവേശനമായിരുന്നു. പിതാവിന്റെ വാനപ്രസ്ഥാശ്രമപ്രവേശനത്തിന് വിഘാതംസൃഷ്ടിച്ച കര്‍മ്മമായിരുന്നു പുത്രധര്‍മ്മാനുഷ്ഠാനം എന്നപേരില്‍ ഭീഷ്മര്‍ ചെയ്തത്. കടുത്ത പ്രമേഹരോഗ ബാധിതനായ അച്ഛന്‍ മധുര പലഹാരങ്ങള്‍ ആവശ്യപ്പെട്ടാല്‍ പുത്രന്‍ അതു വാങ്ങി നല്‍കുന്നത് അച്ഛന്റെ ആരോഗ്യത്തെ വഷളാക്കാന്‍ മാത്രമെ സഹായിക്കൂ. ഇതിനു സമാനമായിരുന്നു ഭീഷ്മരുടെ പ്രവൃത്തിയും. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചിരുന്ന ശന്തനുവിനെ സംബന്ധിച്ച് അനുഷ്‌ഠേയമായ ധര്‍മ്മം വാനപ്രസ്ഥമായിരുന്നു. പിതാവിനോടുള്ള സ്‌നേഹത്തില്‍ ഭീഷ്മര്‍ ചെയ്ത പ്രവൃത്തി ശന്തനുവിന്റെ വാനപ്രസ്ഥാശ്രമ പ്രവേശനത്തിനും തുടര്‍ന്നുള്ള സന്യാസാശ്രമപ്രവേശനത്തിനും തടസ്സമായി. ബ്രഹ്‌മസാക്ഷാത്കാരത്തിലേക്കുള്ള വഴികളാണ് ഇതെല്ലാം. ഭീഷ്മരുടെ സമാനതകളില്ലാതെ ശപഥത്തെ ദേവന്മാര്‍ പോലും പ്രകീര്‍ത്തിച്ചിരുന്നെങ്കിലും ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ സത്യവതിയെ പിതാവിനു വധുവായി ലഭിക്കാന്‍ ഭീഷ്മര്‍ ചെയ്ത പ്രവര്‍ത്തിയും ശപഥവുമെല്ലാം ധര്‍മ്മത്തിന് വിരുദ്ധമായിരുന്നുവെന്ന് കാണാം.
ധര്‍മ്മിഷ്ഠനായ രാജാവായിരുന്നു ശന്തനു. ഗാംഗാദേവിയുടെ തിരോധാനത്തിനുശേഷമുള്ള 36 വര്‍ഷവും അദ്ദേഹം ഇന്ദ്രിയനിഗ്രഹത്തോടെ ജീവിച്ചു. സത്യവതിയെ കണ്ടതോടെ അദ്ദേഹം കാമവിവശനായി. പിതാവിനുവേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധതയുള്ള പുത്രനോട് സത്യവതിയെ വരിക്കണമെന്നുള്ള ശന്തനുവിന്റെ ആഗ്രഹം അറിയിക്കാമായിരുന്നു. ശന്തനുവിന്റെ വ്യക്തിപരവും ശാരീരികവും മാനസികവുമായ ഒരാവശ്യത്തെ വംശം നിന്നുപോകും എന്ന തരത്തില്‍ രാജ്യത്തെ ബാധിക്കുന്ന, ജനതയെ ബാധിക്കുന്ന ഒരു പരോപകാര ക്രിയയായി അദ്ദേഹം പുത്രന്റെ മുമ്പാകെ അവതരിപ്പിക്കുകയാണ് ചെയ്തത്. സദാചാരത്തിന്റെ വെണ്‍പട്ടുകൊണ്ടു മൂടി ശന്തനു പറഞ്ഞത് ഒരു നുണയായിരുന്നു. ഈ നുണയാണ് മഹാഭാരതത്തില്‍ പിന്നീടു സംഭവിച്ച എല്ലാ ദുരന്തങ്ങളുടേയും അടിസ്ഥാനം. വംശത്തിന്റെ നിലനില്‍പ്പിനും തുടര്‍ച്ചയ്‌ക്കും എന്ന വ്യാജേന ശന്തനു പറഞ്ഞ നുണ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായി. അത് ചന്ദ്രവംശത്തിന്റെ വിനാശത്തിനുതന്നെ ഹേതുവായി. ഭീഷ്മര്‍ക്ക് ശേഷം ചന്ദ്രവംശത്തിലെ ആരും അവശേഷിച്ചില്ല. തുടര്‍ന്നുവന്നത് വ്യാസന്റെ വംശത്തിലുള്ളവരായിരുന്നു. അസത്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിയോ സമൂഹമോ നേട്ടം ഉണ്ടാക്കുന്നത് വ്യാസദര്‍ശനം അംഗീകരിക്കുന്നില്ല. ഒരു വ്യക്തിയും അസത്യത്തില്‍ അധിഷ്ഠിതമായി തന്റെ കാമപൂരണത്തിന് ഒരുങ്ങാന്‍ പാടില്ലെന്ന വലിയ ദര്‍ശനമാണ് ഇതുവഴി വ്യാസഭഗവാന്‍ മാനവരാശിക്ക് നല്‍കുന്നത്.
















