തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചെന്നാണ് ആരോപണം.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് എസ് കുമാറാണ് സ്ത്രീകള്‍ക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്നും മറ്റും അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങള്‍ സമൂഹമാധ്യമ വീഡിയോയില്‍ നടത്തിയത്.രാത്രിയില്‍ നടക്കാന്‍ ഇറങ്ങുന്നത് തെരുവ് വേശ്യകള്‍ എന്നും അധിക്ഷേപരാമര്‍ശം നടത്തി.
വെളളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വെളുപ്പിന് ഒരു മണി വരെയാണ് തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ മുതല്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ വരെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുടെ ഒത്തുചേരല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വനിതകളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ നേരത്തേ അറിയിച്ചിരുന്നു.
”പ്രിയപ്പെട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലവരെയും സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി 9.30 മുതല്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനം തികച്ചും സൗജന്യമാണ്”- മന്ത്രി അറിയിച്ചു.
















