ഇസ്ലാമബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെയും നേതാവ് അദീല്‍ അസ്ലം ദുരൂഹ സാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറയുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ജമായത്ത് ത്വലബയുടെ മുഖപത്രം ‘അഖ്ബാര്‍-ഇ-ത്വലബ’യുടെ ഡെപ്യൂട്ടി എഡിറ്ററാണ് അദീല്‍ അസ്ലം.
ഭാരതത്തിനെതിരെ വ്യാജ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുക, യുവാക്കളെ തീവ്രവാദ ആശയങ്ങള്‍ കുത്തിവെക്കുക എന്നിവയാണ് അദീല്‍ അസ്ലമിന്റെ പ്രധാന ജോലി. ആഗസ്ത് ഒന്‍പതിന് മുതിര്‍ന്ന കമാന്‍ഡര്‍ ഖാരി സയീദ് അബ്ദുള്‍ അസീസ് ദുരൂഹ സാഹചര്യത്തില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഒരു റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഖുബാ പള്ളിയിലെത്തിയ അസീസ് പള്ളിയുടെ പ്രവേശന കവാടത്തില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന ലഷ്‌കര്‍ ഭീകരരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം എത്തിക്കുന്നയാളാണ് ഖാരി.
















