രാമമന്ത്രത്താല്‍ പ്രപഞ്ചം പ്രസാദിക്കുന്നു. ആദിത്യചന്ദ്രന്‍മാരെന്നപോലെ ശാശ്വതശോഭ നല്‍കി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് കവിവേധസ്സുകള്‍ വാല്മീകിയും വേദവ്യാസ ഭഗവാനും പ്രപഞ്ചധര്‍മ്മം പാടിപ്പാടി കേള്‍പ്പിക്കുന്നു. സത്യം, ധര്‍മ്മം, സ്‌നേഹം, കാരുണ്യം, ത്യാഗം, വിവേകം, ദയ, വിനയം, പരസ്പര ബഹുമാനം എന്നിവയെല്ലാം വ്യാസ, വാല്മീകീമാര്‍ഗ്ഗത്തില്‍ മുറുകെപിടിക്കാം.
സ്‌കന്ദപുരാണത്തില്‍
രാമായണം ആദികാവ്യം
സര്‍വവേദാര്‍ത്ഥ സമ്മതം എന്നും
‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാം
സാധനം ചദ്വിജോത്തമ
ശ്രോതവ്യംചസദാ ഭക്ത്യ,
രാമാഖ്യാനം പ്രചക്ഷതേ’ എന്നും
ആദികാവ്യം വേദാര്‍ത്ഥങ്ങളെ സംശോഭിപ്പിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ സാര്‍ത്ഥകമാക്കുവാന്‍ ഭക്തിയോടെ രാമായണം പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം.
വാല്മീകി രാമായണം, യുദ്ധകാണ്ഡം സര്‍ഗ്ഗം 128 ല്‍ രാമായണം ഒരു ഇതിഹാസ കാവ്യമെന്നും
‘പൂജയം ച പഠം ച ഏതത്
ഇതിഹാസം പുരാതനം’ എന്നും
ഇദം പവിത്രം പാപഘ്‌നം
പുണ്യം വേദൈശ്ച സമ്മിതം’ എന്ന് ബാലകാണ്ഡത്തിലും വ്യക്തമാക്കുന്നു. ഭാരതത്തിന്റെ മഹിമകളെ അതീവശോഭയോടെ പ്രതിഭാസിപ്പിക്കുന്ന വേദചിന്താധാരകളെ കഥാപാത്രങ്ങളിലൂടെ രാമായണം വാഴ്‌ത്തുന്നു.
പശ്ചാത്താപത്തില്‍നിന്നു സംജാതമായ പ്രായശ്ചിത്തമാണ് രാമനാമം പാടി ബ്രഹ്‌മമുനിയായിത്തീര്‍ന്ന വാല്മീകിയുടേത്. ശ്രീരാമന്റെ വനവാസകാലത്ത് തന്റെ ജീവിതകഥ വളരെ ഹൃദയനൊമ്പരത്തോടെ രാമന്റെ സവിധം സമര്‍പ്പിക്കുന്നു. അതൊരു മഹാഗീതമാണ്. ആര്‍ക്കും തെറ്റുണ്ടാവാം. എന്നാല്‍ അവ കണ്ണീരുകൊണ്ട് കഴുകി വിശുദ്ധിയിലേക്കും, വളര്‍ച്ചയിലേക്കും അത്യധികം ഉയരാം എന്ന ജീവിതപാഠം നമുക്കു ലഭിക്കുന്നു.
രത്‌നാകരന്‍ എന്ന ബ്രാഹ്‌മണന്‍ ഒരു കിരാതജീവിതം നയിച്ചു. നികൃഷ്ടാചാരങ്ങള്‍ മാത്രമായി കൊള്ളക്കാരനും വഞ്ചകനുമായി. ഒരു ശൂദ്രതരുണിയെ ഭാര്യയും ആക്കി. അക്രമവും കൊള്ളയും ഹിംസയും ജീവിതവൃത്തിയായി. അങ്ങനെ ജീവിതം നയിക്കവേ ശ്രേഷ്ഠരായ സപ്തര്‍ഷികളെ കണ്ടുമുട്ടി. അവരുടെ നേര്‍ക്കും അക്രമം ആരംഭിക്കാന്‍ മുതിര്‍ന്നപ്പോള്‍ ”നീ പുത്രദാരാദികളെ പുലര്‍ത്തുന്നതിനാണല്ലോ ഈ ഹീനകര്‍മ്മങ്ങളെല്ലാം ചെയ്യുന്നത്. ഘോരപാപങ്ങളുടെ ഫലം അവര്‍കൂടി അനുഭവിക്കുമോ എന്നറിഞ്ഞുവരിക” എന്ന് ആവശ്യപ്പെട്ടു. ആ കിരാതന്‍ വീട്ടിലെത്തി ഭാര്യയോടു ചോദിച്ചതിന്റെ മറുപടി ലോകത്തിനു നല്‍കുന്ന അത്ഭുത ഉപദേശവും അനിവാര്യമായ തത്ത്വസംഹിതയുമാണ്.
‘പാപം തവൈവ തത്സര്‍വം
വയംതു ഫലഭാഗിനഃ’ (വാല്മീകി)
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേവരു (എഴുത്തച്ഛന്‍)
പാപം ചെയ്തുകിട്ടുന്ന മുതലു ഞങ്ങള്‍ക്കും പാപം നിനക്കും തന്നെ. അതില്‍ യാതൊരു പങ്കും ഞങ്ങള്‍ക്കില്ല. ഈ ശാശ്വത സത്യം ലോകോത്തര മാഹാത്മ്യം എന്നും കീര്‍ത്തനീയമാക്കുന്നു.
ധര്‍മ്മമൂര്‍ത്തി
പരിത്യാഗത്തിന്റെ പാവനപാഠങ്ങള്‍കൊണ്ട് നിത്യപൂജനീയനാണ് വാല്മീകിയുടെ അവതാരമൂര്‍ത്തിയായ രാമന്‍. പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളും പ്രീതിയോടെ പ്രസാദിച്ചു പ്രണമിക്കുന്നു. ഭൂമീദേവി മഹാദുഃഖിനിയായി. അധര്‍മ്മവും അസത്യവുംകൊണ്ട് ഭൂമാതാവ്, ദേവസഹിതം ബ്രഹ്‌മലോകം പ്രാപിച്ച് ബ്രഹ്‌മദേവനോട് ദുഃഖങ്ങള്‍ അറിയിച്ചു. ബ്രഹ്‌മദേവന്‍ കൈലാസവാസിയായ ചന്ദ്രചൂഡനൊത്ത് പാലാഴിയില്‍ പള്ളികൊള്ളുന്ന ലക്ഷ്മീകാന്തനെ സമീപിച്ചു. പതിനാലു ലോകങ്ങളും നിറഞ്ഞു വാഴുന്ന വിഷ്ണുവിന്റെ മഹിമകള്‍ പുരുഷസൂക്തം ചൊല്ലി സ്തുതിച്ചു. ഭഗവാന്റെ മധുരോദാര വാക്കുകളാല്‍ ഭൂദേവി സന്തോഷിച്ച. അനപത്യ ദുഃഖം (സന്താനമില്ലാത്ത അവസ്ഥ) അനുഭവിക്കുന്ന ദശരഥന് പുത്രനായി ജനിക്കാമെന്നും യോഗമായാദേവി ജനകപുത്രിയായും ഭൂമിയില്‍ ജന്മമെടുക്കുമെന്നും ഉറപ്പുനല്‍കി.
മഹനീയമായ തപസ്സും യജ്ഞവും ഒക്കെ ഉത്കൃഷ്ട ജന്മങ്ങള്‍ക്ക് ആവശ്യമെന്ന് രാജാവ് ദശരഥന്‍ ഉറപ്പിച്ചു. ഋശ്യശൃംഗ മഹര്‍ഷിയെ വരുത്തി സന്താനലാഭാര്‍ത്ഥം യാഗം ചെയ്തു. സത്തായലാഭം ആണ് സന്താനം. ആയത് സത്സന്താനം ആയിരിക്കണം. വേദം പോലെ ഒരു ശാസ്ത്രവും, ശാന്തിപോലെ സുഖവും സൂര്യനെപ്പോലെയുള്ള ജ്യോതിസ്സും വേറെയില്ല. ക്ഷമക്കു തുല്യമായ ബലവും കീര്‍ത്തിക്കു സമമായ ധനവും, ജ്ഞാനസദൃശമായ ലാഭവും അത്യന്തം അപൂര്‍വം. സത്പുത്രനെപ്പോലെ അതീവശ്രേഷ്ഠമായ സമ്പത്ത് പ്രപഞ്ചത്തില്‍ മറ്റൊന്നില്ല. ഈ ഗുണവിശേഷങ്ങള്‍ക്കാണ് സത്കര്‍മ്മങ്ങള്‍ ചെയ്ത് സന്താനലാഭം കൊതിക്കുന്നത്. ദശരഥരാജന്‍ ചെയ്ത പുത്രീയ യാഗത്തിന്റെ അന്ത്യത്തില്‍ ഹോമാഗ്‌നി കുണ്ഡത്തില്‍നിന്നും ലഭിച്ച ഔഷധമായ പായസം കൗസല്യക്കും കൈകേയിക്കും ആയി നല്‍കി. യാതൊരു പരാതിയോ പ്രതിഷേധമോ ആവലാതിയോ ഇല്ലായിരുന്ന മഗധ രാജപുത്രി സുമിത്രക്ക് രണ്ടുപേരും തങ്ങള്‍ക്കു കിട്ടിയ പായസത്തിന്റെ അംശം പങ്കുവെച്ചു. അങ്ങനെ ഒന്നും പ്രതീക്ഷയില്ലാതിരുന്ന സുമിത്രക്ക് രണ്ടു പുത്രരെ ദൈവം നല്‍കി. ഉണ്ടായ രണ്ടുപേരെയും ലക്ഷ്മണനെ ശ്രീരാമനും, ശത്രുഘ്‌നനെ ഭരതനേയും ഏല്‍പ്പിച്ചു. ദൈവാവതാരങ്ങളെ ഏല്‍പ്പിച്ച് ദുഃഖത്തില്‍നിന്നും, സ്വാര്‍ത്ഥത്തില്‍നിന്നും മുക്തി നേടി. സ്വാര്‍ത്ഥമുക്തി ദുഃഖമോചനംകൂടിയെന്നും, രാമായണത്തില്‍ കരയാത്ത ഒരേ ഒരു കഥാപാത്രം സുമിത്രാദേവിയെന്നും പഠിപ്പിക്കുന്നു. സ്വാര്‍ത്ഥ പരിത്യാഗം രാമായണത്തില്‍ ഓളം വെട്ടുന്നു.
സ്വാര്‍ത്ഥപൂരണത്തിനായുള്ള ദുഷ്ടതകളുടേയും അധര്‍മ്മങ്ങളുടേയും കൊടുമുടിയിലെത്തിയിട്ട് കൂപ്പുകുത്തി സര്‍വനാശമടയുന്ന നിതാന്ത ദുഃഖത്തിന്റെ വിഭവങ്ങളും രാമായണത്തിലുണ്ട്. നന്മയുടെ സുഗന്ധം, തിന്മയുടെ ദുര്‍ഗ്ഗന്ധം, രാമകഥയുടെ താളലയങ്ങള്‍ ഈവിധം ഒഴുകുന്നു. ധര്‍മ്മനിഷ്ഠകൊണ്ടു മാത്രമേ ആയുസ്സും ഐശ്വര്യവും സത്കീര്‍ത്തിയും വര്‍ധിപ്പിക്കാനാകൂ.
അദ്ധ്യാത്മ പ്രദീപകമത്യന്തരഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അധ്യയനം ചെയ്തീടും മര്‍ത്യജന്മികള്‍ക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മംകൊണ്ടേ.
മൃത്യുവിനെ (മരണത്തെ) ജയിക്കുന്ന മഹിതമന്ത്രമാണ് രാമനാമം. മരണത്തെ ജയിക്കുകയെന്നാല്‍ മരണഭീതിയില്‍നിന്നും കരയേറുക എന്നുള്ള തത്ത്വംതന്നെ.
ത്യാഗത്തിലൂടെ സര്‍വസിദ്ധികള്‍
ബന്ധ മോക്ഷങ്ങള്‍ക്കു കാരണം കര്‍മ്മഫലങ്ങള്‍തന്നെ. സത്കഥകള്‍ മോക്ഷം (മോഹം ക്ഷയതി) നല്‍കുന്നുവെന്നു ചുരുക്കം. ഭോഗത്തേക്കാള്‍ സുഖവും ശാന്തിയും ത്യാഗം നല്‍കുമെന്നതില്‍ സംശയമില്ല. പരമാര്‍ത്ഥതത്ത്വം അറിഞ്ഞു രുചികരമായ പീയൂഷം രാമായണത്തിലൂടെ സമാഹരിക്കാം. ഭഗവാന്‍ ശ്രീരാമന്റെ ചരിതം സച്ചിദാനന്ദമാണ്. ഏകമാണ്. അദ്വയവും പരബ്രഹ്‌മവുമാണ്.
‘ജന്മനാശാദികളില്ലാതൊരു വസ്തുപര-
ബ്രഹ്‌മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും’
എന്നിങ്ങനെ വര്‍ണ്ണിക്കുന്ന ശാശ്വത സത്യവും ധര്‍മ്മവും ശ്രീരാമനില്‍ കാണാം. അതിനാല്‍ രാമനെ ഒരിക്കലും വ്യക്തിയായി കാണരുത്. ശക്തിയായിക്കാണണം.
‘തത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടുമമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍
മത്ഭക്തനായുള്ളവനിപ്പദമറിയുമ്പോള്‍
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.’
സര്‍വരിലും ആ ശക്തി ചൈതന്യമുണ്ട്. സര്‍വവ്യാപകമായി ആ തെളിച്ചം പ്രതിഭാസിക്കുന്നു. സര്‍വജ്ഞാനവും സര്‍വകാരണവും സര്‍വവ്യാപിയും സര്‍വാത്മാവും ശ്രീരാമനെന്നറിഞ്ഞാല്‍ രാമായണ തത്ത്വം തേജസ്സും ഓജസ്സും ഇയറ്റുന്നതായിത്തീരും.
രാജ്യവും കിരീടവും ലോകക്ഷേമത്തിനായിരിക്കണം. ആര്‍ത്തിയോടുകൂടി ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ വാരിക്കൂട്ടാന്‍ ഓടുന്നു. ഈ അത്യാഗ്രഹം മാനവരാശിക്ക് ദുരന്തങ്ങള്‍ വിതറുന്നു. എങ്ങും സുഖമില്ല. പരിതൃപ്തിയില്ല. എരിതീയില്‍ ഇന്ധനംപോലെ എല്ലാവരും നാശത്തിലേക്ക് കൂപ്പുകുത്തുന്നു. എനിക്കു വേണ്ട എന്നു പറയാനാരുമില്ല. എന്നാല്‍ രാമായണം പരിത്യാഗങ്ങളുടെ പൂര്‍ണപുണ്യപാഠങ്ങള്‍ പഠിപ്പിക്കുന്നു.
രാമനു വിധിച്ച സിംഹാസനം കൈകേയി തട്ടിയെറിഞ്ഞപ്പോള്‍ ഭരതന്‍ നാടുവാഴട്ടെ എന്ന് ആവര്‍ത്തിക്കുന്നു രാമന്‍. തനിക്കു സുഖം സഹോദരന്റെ സുഖമെന്നു വ്യാഖ്യാനിക്കുന്നു. അനുജന്‍ ഭരതന്‍ പ്രഖ്യാപിക്കുന്നു ‘എനിക്കും വേണ്ട ആ സിംഹാസനം.’ ലക്ഷ്മണനും ശത്രുഘ്‌നനും ഒന്നിച്ചു പറയുന്നു ‘ഞങ്ങള്‍ക്കും വേണ്ട ആ സിംഹാസനം.’ ജ്യേഷ്ഠനില്ലാത്ത അയോദ്ധ്യ വേണ്ടേ വേണ്ട എന്ന് ഉറക്കെ ഓതുന്നു. മഹാമനസ്വിനിയായ സീതാദേവിയും വിളിച്ചുപറയുന്നു ‘രാമദേവനില്ലാത്ത കൊട്ടാരം എനിക്കും വേണ്ട. ഇങ്ങനെ ത്യാഗത്തിന്റെ പ്രഖ്യാപനത്തിലൂടെ രാമായണം ലോകപുണ്യം പ്രോജ്വലിപ്പിക്കുന്നു.
രാമകഥ വായിക്കുന്ന, കേള്‍ക്കുന്ന ഒരു കുടുംബത്തില്‍ സഹോദര-സഹോദരീ സ്‌നേഹം വര്‍ദ്ധിക്കും. മാതൃ പിതൃബന്ധങ്ങള്‍ ശോഭിക്കും. ഭാര്യാഭര്‍തൃബന്ധം പവിത്രമാകും. പ്രകൃതിയെ പ്രസന്നമാക്കും.- ഈ സന്ദേശങ്ങളിലൂടെ രാമനാമം ജപിയ്‌ക്കാം.
















