കൊച്ചി:ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ ഇന്‍സ്‌പെകടര്‍ നിയമനം നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമം അനുസരിച്ചുളള കുറ്റം ചുമത്താനുള്ള തെളിവില്ലെന്ന് സര്‍ക്കാര്‍.ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്‌ക്കും നിയമനം നല്‍കിയ കേസിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
വിജിലന്‍സ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്ക് എങ്ങനെയാണ് നിയമനം നല്‍കിയതെന്ന് കോടതി ചോദിച്ചു.ഇക്കാര്യം ഉദ്യോഗസ്ഥര്‍ മന്ത്രിസഭയെ അറിയിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. രണ്ട് എഡിജിപിമാരില്‍ ഒരാള്‍ എതിര്‍ത്തിട്ടും ചീഫ് സെക്രട്ടറി ഒറ്റയ്‌ക്കാണോ നിയമന തീരുമാനം എടുത്തത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.കേസില്‍ എതിര്‍കക്ഷികളുടെ വാദം കൂടി കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
















