ധാക്ക : മക്കയിലെ പള്ളിക്കുള്ളിൽ ‘അധാർമിക പ്രവൃത്തികൾ’ നടത്തിയെന്നാരോപിച്ച് രണ്ട് ബംഗ്ലാദേശി പൗരന്മാരെ വധിച്ച സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു . സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം നസ്റുൽ ഇസ്‌ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരാണ് വധിക്കപ്പെട്ടത്. ഒക്ടോബർ 14നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രവൃത്തി എന്താണെന്നോ അറസ്റ്റ്, വിചാരണ എന്നിവ സംബന്ധിച്ച വിശദാംശങ്ങളോ സൗദി അധികൃതർ പരസ്യപ്പെടുത്തിയിട്ടില്ല.
22 വയസ്സുള്ള നസ്രുൾ ഇസ്ലാമിനൊപ്പം ഒരു ബംഗ്ലാദേശി സ്ത്രീയെയും വധശിക്ഷയ്‌ക്ക് വിധേയമാക്കി. മകന്റെ കൊലപാതക വാർത്ത കേട്ട വേദനയിലാണ് ബംഗ്ലാദേശിലെ റഹിമ ബീഗം . വിവരമറിഞ്ഞ മറ്റൊരു ബന്ധു ഹൃദയാഘാതം മൂലം മരിച്ചതായും കുടുംബം പറയുന്നു.
നാല് സഹോദരങ്ങളിൽ മൂത്തവനായിരുന്നു നസ്രുൾ. 2022 നവംബർ 10 നാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത് . അവിടെ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു . സൗദി അറേബ്യയിൽ എത്തി ആറ് മാസത്തിന് ശേഷം, മക്കയിലെ ഒരു പള്ളിയിൽ “അധാർമിക പ്രവൃത്തികൾ” നടത്തിയെന്നാരോപിച്ച് സൗദി പോലീസ് അദ്ദേഹത്തെയും ഒരു ബംഗ്ലാദേശി സ്ത്രീയെയും അറസ്റ്റ് ചെയ്തു.
മൂന്ന് വർഷത്തിലേറെ കഴിഞ്ഞ്, ഒക്ടോബർ 14 ന് മകന്റെ വധശിക്ഷ നടപ്പാക്കിയതായി മാധ്യമ റിപ്പോർട്ടുകളിൽ നിന്നാണ് കുടുംബം അറിഞ്ഞത്. ബംഗ്ലാദേശി പത്രമായ ദി ഡെയ്‌ലി സ്റ്റാറാണ് നസ്രുൾ ഇസ്ലാമിന്റെ കുടുംബത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത് . നസ്രുൾ എല്ലാ ഞായറാഴ്ചയും ജയിലിൽ നിന്ന് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നതായും, പക്ഷേ വധശിക്ഷയെക്കുറിച്ച് അവരെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും നസ്രുളിന്റെ അമ്മ പറഞ്ഞു.
നസ്രുൾ എന്തെല്ലാം കുറ്റങ്ങളാണ് നേരിട്ടത്, അദ്ദേഹത്തിന് നിയമസഹായം ലഭിച്ചോ എന്നീ കാര്യങ്ങളും വ്യക്തമല്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ട് പേരുടെ വ്യക്തിത്വം ബംഗ്ലാദേശ് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
“സാധുവായ കാരണമില്ലാതെയാണ് എന്റെ മകനെ തൂക്കിലേറ്റിയതെങ്കിൽ, എനിക്ക് നീതി വേണം,” നസ്രുളിന്റെ പിതാവ് അബ്ദുൾ ബഷീർ പറഞ്ഞു.നസ്രുളിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലേക്ക് കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും കുടുംബം സർക്കാരിനോട് അഭ്യർത്ഥിച്ചു. മകനെ 700,000 ടാക്ക കടം വാങ്ങിയാണ് സൗദി അറേബ്യയിലേക്ക് അയച്ചതെന്നും പണം തിരിച്ചടയ്‌ക്കാൻ കടം കൊടുത്തവർ ഇപ്പോൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും നസ്റുൽ ഇസ്‌ലാമിന്റെ പിതാവ് പറഞ്ഞു.
“ഉന്നത അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല, കുടുംബത്തിൽ നിന്ന് ഒരു അപേക്ഷയും ലഭിച്ചിട്ടില്ല. മൃതദേഹം ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവന്നാൽ, നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ സഹായിക്കും, കാരണം അദ്ദേഹം ബ്രഹ്മൻബരിയയിൽ താമസിക്കുന്നയാളായിരുന്നു.” ബ്രഹ്മൻബരിയ ഡെപ്യൂട്ടി കമ്മീഷണർ എംഡി അബു സയീദ് പറഞ്ഞു.
















