കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിലാണ് നടപടി. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ് കേസ്. വനം വകുപ്പ് തടികൾ കണ്ടെത്തിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി തടി ഫാക്ടറി ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ടുള്ള അമ്പലമേട് പോലീസിന്റെ കേസ് നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. കുറ്റവിമുക്തരാക്കണമെന്ന ആവശ്യം തള്ളിയ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ 2026 ഫെബ്രുവരി 26ലെ ഉത്തരവിൽ ഇടപെടുന്നില്ലെന്നു ജസ്റ്റിസ് ജി.ഗിരീഷ് വ്യക്തമാക്കിയിരുന്നു.
തടികൾ കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ, പ്രഥമദൃഷ്ട്യാ വഞ്ചന വ്യക്തമാണെന്നും പ്രതികൾക്കെതിരെ ഐപിസി 420-ാം വകുപ്പ് പ്രകാരം നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി ഹർജികൾ തള്ളി.












