രാവണസഭയില്‍ ഹനുമാനെ ചോദ്യംചെയ്യാന്‍ നിയുക്തനായത് ലങ്കയുടെ സേനാനായകരില്‍ ഒരാളായ പ്രഹസ്തനാണ്.
ബ്രഹ്മസഭയ്‌ക്ക് ഒക്കും ഈ സഭയെന്ന് അങ്ങേയ്‌ക്ക് അറിയാമോ ? സത്യധര്‍മങ്ങള്‍ക്കേ ഇവിടെ സ്ഥാനമുള്ളൂ – ഹനുമാനോട് വാചാലനാകുന്നു പ്രഹസ്തന്‍.
ഇവിടേക്കു വരാനിടയായ സാഹചര്യം ഹനുമാന്റെ മറുപടിയില്‍ വ്യക്തം. സ്ഫുടവും ശുദ്ധവും ദൃഢവുമാണ് ആ വാക്കുകള്‍. മൃഗീയവാസനകള്‍ അടക്കി രാക്ഷസബുദ്ധി ഉപേക്ഷിക്കാനാണ് രാവണനോടുള്ള ഉപദേശം.
ഈ കള്ളനെ കൊല്ലാന്‍ ഇവിടെയാരുമില്ലേ എന്ന് രാജാവിന്റെ ആക്രോശം.ദൂതനെ കൊല്ലുന്നതു നൃപയോഗ്യമല്ലെന്ന് ഉപദേശിക്കാന്‍ ഒരാള്‍ മാത്രമേ സഭയിലുള്ളൂ; രാവണസോദരനെങ്കിലും ധര്‍മിഷ്ഠനായ വിഭീഷണന്‍.
വാനരര്‍ക്കു ശൗര്യം വാലിലായതിനാല്‍ വാലില്‍ തുണി ചുറ്റി തീകൊളുത്തി വിടാനാണ് തുടര്‍ന്നുള്ള രാജകല്‍പന. രാത്രിയില്‍ വന്ന കള്ളനെന്ന് നാലുദിക്കിലും കൊണ്ടുനടന്ന് വിളിച്ചുപറയുകയും വേണം.
സല്‍ബുദ്ധി തെളിയാതെ ഇരുട്ടിലായ മനസ്സ് ഇരിക്കുന്നിടവും കെടുത്തുമല്ലോ. രാവണന്‍ വാഴുന്ന ലങ്കാനഗരം ദഹിക്കാന്‍ ഇനി ഏറെ നേരമില്ല.
















