
തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍, കാറോടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷി മൊഴി.പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്ന് സുഹൃത്തും ഡോക്ടറുമായ പത്താം സാക്ഷി അനീഷ് രാജ് മൊഴി നല്‍കി.
അപകട സ്ഥലത്ത് നിന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയത്. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ 10 ,11 സാക്ഷികളാണ് കോടതിയില്‍ മൊഴി നല്‍കിയത്.തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് മൊഴി നല്‍കിയത്.
കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷര്‍ട്ടും ജീന്‍സും പിന്നീട് പൊലീസിന് എടുത്തുനല്‍കിയത് ശ്രീറാം വെങ്കിട്ടരാമന്റെ ഐ എ എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിംഗാണ്. പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിംഗും കോടതിയില്‍ മൊഴി നല്‍കി. പൊലീസിന് നല്‍കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ ഉള്ളത് എന്ന പ്രതിഭാഗം ചോദ്യത്തിന് വ്യക്തമായി ഓര്‍മയില്ല എന്നാണ് ഇരുസാക്ഷികളും നല്‍കിയ മറുപടി.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ. എം. ബഷീര്‍ കൊല്ലപ്പെടുന്നത്.