സമ്പാതി പറഞ്ഞതിന്‍പ്രകാരം സമുദ്രം ലംഘിക്കാന്‍ കഴിയുക ആര്‍ക്കാണ് ? എങ്ങുമെത്താതെ ആലോചന നീളുകയാണ്. സീതാദേവിയെ കണ്ടെത്താന്‍ വാനരരാജന്‍ സുഗ്രീവന്‍ അനുവദിച്ച ഒരുമാസം കഴിയുകയായി. ഇനി ഉപവസിച്ചു മരിക്കുകയാണ് വാനരന്മാര്‍ക്ക് ഉചിതം.
ചിറകു നഷ്ടപ്പെട്ട തനിക്ക് ദൈവം എത്തിച്ചുതന്ന ഭക്ഷണമെന്നാണ് വാനരപ്പടയെ സമ്പാതി കാണുന്നത്. പക്ഷേ, അവരില്‍ നിന്നു കേട്ടതോ? സഹോദരന്‍ ജടായുവിന്റെ വൃത്താന്തങ്ങളും. അതോടെ അവര്‍ എത്രയും പ്രിയപ്പെട്ടവരായി. സീതാദേവി എവിടെയെന്നറിയിക്കുന്നതോടെ ചിറകുകള്‍ മുളച്ച് സമ്പാതി പറക്കുകയും ചെയ്തു.
സമുദ്രലംഘനം സാധ്യമല്ലെങ്കില്‍ എല്ലാവര്‍ക്കും പട്ടിണികിടന്നു മരിക്കാമെന്നത് അംഗദന്റെ പക്ഷമാണ്.
ഓരോരുത്തരും അവരാല്‍ സാധിക്കുന്നത് പറയുന്നു. ഹനുമാന്‍ മാത്രം ഒന്നും പറഞ്ഞില്ലല്ലോ എന്ന് ജാംബവാന്‍. സ്വന്തം ശക്തിവിശേഷങ്ങള്‍ ജാംബവാനില്‍ നിന്നു കേള്‍ക്കുന്ന ഹനുമാന്‍ പ്രപഞ്ചത്തെ വിറപ്പിക്കുന്ന ഗര്‍ജനത്തോടെയാണ് എഴുന്നേല്‍ക്കുന്നത്.
ആത്മവീര്യവിജൃംഭിതനായ വായൂതനയന്‍ ഇനി ലക്ഷ്യം സാധിച്ചേ അടങ്ങൂ എന്ന് ആര്‍ക്കാണറിയാത്തത്?
















