
ന്യൂദല്‍ഹി: മണ്ഡലപുനര്‍നിര്‍ണയ ബില്ലിനും വനിതാസംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍. എത്രയും വേഗം ഈ രണ്ട് ബില്ലുകളും പാര്‍ലമെന്റ് പാസാക്കണമെന്നും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത ഒരു പാര്‍ട്ടി ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരുബില്ലുകളെയും പരസ്യമായി പിന്തുണച്ച് രംഗത്ത് വരുന്നത്.
മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വനിതാസംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദലിന്റെ അധ്യക്ഷതയില്‍ ചണ്ഡീഗഡില്‍ ചേര്‍ന്ന അകാലിദള്‍ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്, സമത്വം, തുല്യ അവകാശങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ കാഴ്ചപ്പാടാണ് വനിതാ സംവരണത്തെ പിന്തുണക്കാന്‍ പ്രചോദനമായതെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ എക്സില്‍ കുറിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സഭയില്‍ വനിതാ സംവരണം ഉറപ്പാക്കി ഇതിനകം തന്നെ മാതൃക സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നും സുഖ്ബീര്‍ സിങ് ബാദല്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുഖ്ബീര്‍ സിങ് ബാദല്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന ഭാരവാഹിയോഗം ചേര്‍ന്ന് സുപ്രധാന ബില്ലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലിദള്‍ മൂന്ന് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാലാണ് ആറ് വര്‍ഷം മുമ്പ് മുന്നണി വിട്ടത്. ഈ നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചേക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബില്ലിനെ അന്ധമായി എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് ലഭിക്കുന്ന സൂചന. ബില്ലുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനായി മുഖമന്ത്രി ജോസഫ് വിജയ് വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് ഡിഎംകെ, എഡിഎംകെ, ഡിഎംഡികെ, പിഎംകെ എന്നിവര്‍ വിട്ടുനിന്നിരുന്നു. സംസ്ഥാനത്തെ 57 എംപിമാരില്‍ ടിവികെയെ പിന്തുണയ്‌ക്കുന്ന 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.