മുംബൈ: യുഎസില്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് എടുത്തു നില്‍ക്കുകയായിരുന്നു അജയ് നാനാവതി എന്ന യുവാവ്. അച്ഛന്‍ ഇന്ത്യയിലെ ഒരു വലിയ ബഹുരാഷ്‌ട്രക്കമ്പനിയില്‍ സിഇഒ ആണ്. ആയിടെ മുംബൈയിലെ ടാറ്റയില്‍ ഒരു ജോലി വാഗ്ദാനം വന്നു. മാസശമ്പളം വെറും 960 രൂപ മാത്രം. ഈ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്ററും അജയ് നാനാവതി തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചിരുന്നു.
പക്ഷെ അച്ഛന്‍ അജയ് നാനാവതിയെ ഉപദേശിച്ചത് ടാറ്റായിലെ ഈ ജോലി സ്വീകരിക്കാനാണ്. കാരണം അന്നത്തെ ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസില്‍ ജോലി ചെയ്യാമെന്നതായിരുന്നു ആകര്‍ഷണം. ഇവിടെ വ്യവസായരംഗത്തെ പ്രമുഖരാണ്ഇരിക്കുന്നത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പഠിക്കാന്‍ കഴിയുമെന്നാണ് അജയ് നാനാവതിയും അദ്ദേഹത്തിന്റെ അച്ഛനും മുന്നില്‍ കണ്ട നേട്ടം.
ഔദ്യോഗികജീവിതത്തിന്റെ തുടക്കത്തില്‍ ശമ്പളത്തിനല്ല, മികച്ച അനുഭവങ്ങള്‍ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് എന്നാണ് അജയ് നാനാവതിയുടെയും അച്ഛന്റെയും പക്ഷം. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. മറ്റൊരു പക്ഷം പറയുന്നത് പഠനത്തിന് ശേഷം ഔദ്യോഗികജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ ശമ്പളത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നാണ്.
എന്തായാലും അജയ് നാനാവതിയുടെ ഊഹം ശരിയായി. ടാറ്റയുടെ ബോംബെ ഹൗസിലെ അനുഭവം അജയ് നാനാവതിയ്‌ക്കുള്ളിലെ എഞ്ചിനീയറിംഗ് വൈഭവവും മാനേജ്മെന്‍റ് വൈദഗ്ധ്യവും വര്‍ധിപ്പിച്ചു. അദ്ദേഹം പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ ശക്തമായ ചുവടുകള്‍ വെച്ചു. ഒടുവില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മേധാവിയായി വിരമിച്ചു.
















