Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: പൊയ്‌ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ജൂലൈ 28-നാണ് റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുള്ളതിനാലാണ്  ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

​ആസിഫിന്റെ ക്രൂരമായ പീഡനവും മർദനവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ലഹരിയുപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ റിസ നിരന്തരം ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പീഡനവിവരങ്ങൾ വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ റിസ കൂട്ടുകാരിക്ക് അയച്ചിരുന്നത് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത കണ്ണൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതിനിടെ റിയയുടെ വാട്‌സ് ആപ്പ് സന്ദേശവും പുറത്ത്.  എട്ടുമാസം മുൻപ് ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. ആദ്യ ദിവസങ്ങൾ മുതൽക്കേ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. മാർച്ചിൽ ഭർതൃവീട്ടിൽവെച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു എന്ന് വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മുണ്ടേരിമൊട്ടയിലാണ് ആസിഫിന്റെ വീട്. ജൂൺ 28ന് രാത്രിയാണ് പൊയ്‌ത്തുംകടവിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ റിസയെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കുളിക്കാൻ പോയ റിസ ഏറെ നേരമായിട്ടും താഴെ നിലയിലേക്ക് വരുന്നത് കാണാതിരുന്ന കുടുംബം പോയി നോക്കിയപ്പോഴാണ് റിസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ ഭർത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. മാർച്ച് 1ന് ഭർത്താവിന്റെ വീട്ടിൽ വച്ച് റിസ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങളെ കുറിച്ച് റിസ കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചതിന്റെ കാരണം ആസിഫാണ് അത് എല്ലാവരും അറിയണമെന്ന് പറയുന്ന ഓഡിയോ സന്ദേശങ്ങളാണിവ. റിസ കൂട്ടുകാരിക്ക് അയച്ച മെസേജുകളിലെ വിവരങ്ങൾ ഇങ്ങനെ,

ഞാൻ മരിച്ചതിന്റെ കാരണം അവനാണ്. അത് എല്ലാവരും അറിയണം. എന്നെ ഇല്ലാതാക്കിയിട്ട് അവൻ സുഖിച്ച് ജീവിക്കേണ്ട, എന്റെ കല്ല്യാണവസ്ത്രം സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്. ഞാൻ മരിച്ചാൽ അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം. എനിക്കിങ്ങനെ നിൽക്കാൻ കഴിയുന്നില്ല. അവൻ ചെയ്താലും എനിക്കാണ് പ്രശ്‌നം. ഞാൻ പോയിക്കഴിഞ്ഞാൽ നീ എന്റെ ഉപ്പാന്റെ അടുത്ത് എല്ലാം പറഞ്ഞുകൊടുക്കണം. ഞാൻ പറഞ്ഞാൽ പിന്നെ ഞാനാകും കുറ്റക്കാരി. എന്നെ വേണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ, കുത്തിനോവിക്കണോ. എനിക്കിങ്ങനെ നിൽക്കാൻ കഴിയുന്നില്ല, നെഞ്ചൊക്കെ വേദനയെടുക്കുന്നു. ആവശ്യമില്ലാതെ ചീത്ത വിളിക്കുന്നു. എനിക്ക് പേടിയാവുന്നു. ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല. അവൻ ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിന് എന്നെ ചീത്ത വിളിക്കുന്നു. ഉപ്പയും ഉമ്മയും എന്നെക്കൊണ്ട് ബുദ്ധിമുട്ടും. വെറുതെ എന്തിനാണ് നാണം കെടുന്നത്. ഞാൻ അത്രയും സ്‌നേഹിച്ചിട്ടും എന്നെ കുറ്റമല്ലാതെ വെറൊന്നും പറയുന്നില്ല. അവന് എല്ലാ ചെറ്റത്തരവും ഉണ്ട്. അവന് വേറെ പെണ്ണും ഉണ്ട്, കള്ളും കഞ്ചാവും ഉണ്ട്. ഞാനുള്ളപ്പോൾ തന്നെ അവൻ എല്ലാം ഉപയോഗിക്കലുണ്ട്. ബാത്‌റൂമിൽ കയറി പൊടിയടിക്കലുണ്ട്. എംഡിഎംഎ ഉപയോഗിക്കലുണ്ട്. അത് ചോദിച്ചാൽ പ്രശ്‌നമാകും. ഞാൻ മരിച്ചാൽ അവന് സന്തോഷമാകും. പക്ഷെ എന്റെ ഉപ്പയും ഉമ്മയും കരയൂലേ, മരിക്കാൻ പേടിയാണ്. ചെയ്യാണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. നീ എല്ലാം പറയണം എന്റെ ഉപ്പയോട്. അവൻ ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചോട്ടെ. എനിക്കിങ്ങനെ ജീവിക്കാൻ പറ്റുന്നില്ല.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്തിട്ടുണ്ട്. വളപട്ടണം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

 

Recent Posts