Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

Published by
രജനി സുരേഷ്

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന, സ്വത്തിനും സുഖഭോഗങ്ങള്‍ക്കും അധികാരത്തിനും വേണ്ടി സഹോദരരെ വരെ ഹനിക്കുവാന്‍ മടിയില്ലാത്ത ഈ കാലത്ത്, ഭ്രാതൃഭക്തിയുടെ നിറകുടമായ ഭരതരാജകുമാരനെ നാം ഓര്‍ക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്.

പരസ്പര ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനു പോലും നാം വിലയിടുമ്പോള്‍ സഹോദര സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി ശോഭിക്കുന്നു ഭരതന്‍. ത്യാഗവും താഴ്മയും വ്രതമാക്കിയ ധര്‍മ്മിഷ്ഠനായ രാജകുമാരന്‍. അധികാരത്തിന്റെ വാശിയേറിയ വടംവലികള്‍ നാം ദിനംപ്രതി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. അവിടെയാണ് നിസ്വാര്‍ത്ഥതയുടെ പര്യായമായ ഭരതന്റെ സ്വഭാവസവിശേഷതകള്‍ ശ്രദ്ധേയമാകുന്നത്.

അമ്മ കൈകേയി ദശരഥമഹാരാജാവിനോട് ആവശ്യപ്പെട്ടു നേടിയ വരം മൂലം വനത്തിലേക്കു പോയ ജ്യേഷ്ഠനായ ശ്രീരാമദേവനെ തിരിച്ചു കൊണ്ടുവരാന്‍ വനത്തിലേക്കു യാത്രയാകുന്ന ഭരതന്‍. അചഞ്ചലമായ സഹോദരസ്‌നേഹത്തിന്റെ അനുപമമാതൃകയായ ഭരതനോട് വസിഷ്ഠമുനി ‘നിന്റെ അച്ഛനും സത്യസന്ധനുമായ ദശരഥന്‍ നിനക്ക് രാജ്യം നല്‍കിയിരിക്കുന്നു’ എന്ന് പറഞ്ഞപ്പോള്‍ തന്റെ ജ്യേഷ്ഠനാണ് രാജാവാകേണ്ടത് എന്നും ജ്യേഷ്ഠനായ ശ്രീരാമദേവനെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി നാളെ പുലര്‍കാലത്ത് യാത്ര പുറപ്പെടാന്‍ പോകുന്നു എന്നും പറയുമ്പോള്‍, ആ രാജകുമാരന്റെ സഹോദരസ്‌നേഹത്തെ അളക്കുവാന്‍ നമുക്കു കഴിയുന്നില്ല. ജീവിതമൂല്യങ്ങളുടെ ആഴക്കടലായ രാമായണത്തില്‍ നിന്ന് എത്ര മുത്തുച്ചിപ്പികള്‍ പെറുക്കിയെടുത്താലും അവ തീരുകയുമില്ല.

ഭരതന്റെ വനയാത്രയില്‍ വാദ്യമേളഘോഷങ്ങളോടെ വലിയൊരു ജനസഞ്ചയം തന്നെ ശ്രീരാമദേവനെ കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പടുന്നുണ്ട്. ഘോഷയാത്ര ശൃംഗിവേരപുരം എത്തിയപ്പോള്‍ ഗുഹന്‍ ആശങ്കാകുലനാകുന്നു. ശ്രീരാമഭക്തരില്‍ ഭരതന്‍ അത്യുത്തമനാണെന്ന് പിന്നീട് ഗുഹന്‍ മനസ്സിലാക്കുന്നുണ്ട്. ഒടുവില്‍ ശ്രീരാമപാദുകങ്ങള്‍ പ്രതിഷ്ഠിച്ച്, അവയുടെ പ്രതിനിധിയായി രാജ്യം ഭരിച്ച ഭരതന്‍ കര്‍ത്തവ്യനിഷ്ഠയുടെ മകുടോദാഹരണമാണെന്നതില്‍ തര്‍ക്കമില്ല. ശ്രീരാമദേവന്റെ തിരിച്ചുവരവു വരെ ഒരു തപസ്വിയെപ്പോലെ ജീവിച്ച ത്യാഗധനനായ ഭരതന്‍ ക്ഷമയുടെയും ആത്മനിയന്ത്രണത്തിന്റെയും ഔന്നത്യത്തിലെത്തി നില്‍ക്കുന്നു.

പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞ് ശ്രീരാമനെത്തിയപ്പോള്‍ രാജ്യം സന്തോഷപൂര്‍വം കൈമാറിയ ഭരതന്‍ ലളിത ജീവിതത്തിന്റെ പ്രതിരൂപമായി, കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി, ധര്‍മ്മ സംരക്ഷണത്തിന്റെ കാവലാളായി മാറുകയാണ്. ശ്രീരാമന്റെ തീരുമാനങ്ങള്‍ക്ക് ബഹുമാനം കൊടുത്തുകൊണ്ടുള്ള ഭരതന്റെ ഓരോ നീക്കവും സഹോദര ഭക്തിയുടെ മാറ്റുകൂട്ടുന്നു. രാമായണത്തില്‍ മുങ്ങിനിവരുന്നവര്‍ക്ക് ഇത്തരത്തിലുള്ള മഹോന്നതങ്ങളായ ജീവിതമൂല്യങ്ങള്‍ ആവോളം നുകരാം. സംസ്‌കാരം കാത്തു സൂക്ഷിക്കാം. വരുംതലമുറകള്‍ക്ക് കൈമാറി കരുത്തുപകരാം.

 

 

Recent Posts