തിരുവനന്തപുരം: കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയില്‍നിന്ന് മാറ്റിനിര്‍ത്തി അവര്‍ക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഷീ സ്‌കൂട്ടര്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.യുഡിഎഫ് അധികാരത്തിലെത്തിയതോടെ ലൈഫ് ഭവനപദ്ധതി നിര്‍ത്തലാക്കിയെന്ന പ്രചാരണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ലൈഫ് തുടരും. എന്നാല്‍ അതിന് മുമ്പുണ്ടായിരുന്ന ഭവനനിര്‍മാണ പദ്ധതി വഴി നിര്‍മിച്ചിരുന്നത്ര വീടുകള്‍ ലൈഫ് പദ്ധതിയുടെ ഭാഗമായതിന് ശേഷം നിര്‍മിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതി ലൈഫില്‍നിന്ന് മാറ്റിയതെന്നും ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപയാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക ഭവനപദ്ധതിയില്‍ എത്ര തുക നല്‍കുമെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സസ്പെന്‍സായി ഇരിക്കട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















