തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍. വിചാരണ ആരംഭിക്കാനിരിക്കെ മുന്നറിയിപ്പില്ലാതെ പ്രോസിക്യൂട്ടറെ മാറ്റിയെന്നും ഇത് കേസ് അട്ടിമറിക്കാനാണെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ നേരത്തെ ശ്രീറാമിനുവേണ്ടി ഹാജരായതു കൊണ്ട് പ്രോസിക്യുട്ടറായ പ്രവീണ്‍ പിന്മാറുകയായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. പകരം പ്രോസിക്യുട്ടറെ നിയമിച്ചുകഴിഞ്ഞു. തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ നാളെയാണ് വിചാരണ ആരംഭിക്കുക. എന്നാല്‍ പ്രോസിക്യൂട്ടര്‍ മാറിയ സ്ഥിതിയക്ക് വിചാരണ തുടങ്ങുമോ എന്ന് വ്യക്തമല്ല. ഏഴുവര്‍ഷംമുമ്പ് ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാറില്‍ ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
















