മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെയും രാഷ്‌ട്രീയ പ്രതിരോധത്തിലെയും വീഴ്ചകളാണെന്ന് പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കർ എ.എൻ. ഷംസീർ. മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും ഇങ്ങനെ തോല്‍ക്കുമെന്ന് ആരും കരുതിയില്ലെന്നും പോസ്റ്റല്‍ വോട്ടിലെ ലീഡ് കഴിഞ്ഞപ്പോള്‍ എല്ലാംകൂടെ ഒരുമിച്ച് ഒലിച്ചുപോയെന്നും പറഞ്ഞു.
മലപ്പുറം കാളികാവിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പോരായ്‌മകൾ തുറന്നുപറഞ്ഞത്. കഴിഞ്ഞദിവസം കേന്ദ്രക്കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം ഇതുവരെ അംഗീകരിക്കാത്ത കാര്യമാണ് ഷംസീര്‍ തുറന്നടിച്ചത്. ഷംസീറിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പൂർണ്ണമായി പാളിയെന്ന് ഷംസീർ വ്യക്തമാക്കി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയുടെ പ്രതിരോധം ശക്തമായില്ലെന്നും, അത് വേണ്ടത്ര ഊക്കോടെ ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം സ്വയംവിമർശനം നടത്തി.
കൂടാതെ, സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ടിയിരുന്ന ഗൗരവമായ തെറ്റാണെന്നും ഷംസീർ സമ്മതിച്ചു. “ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. സഖാക്കളേ, നിങ്ങൾക്ക് തെറ്റുപറ്റി എന്ന് ജനങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ആ തെറ്റ് ഞങ്ങൾ തിരുത്തുന്നു. പോരായ്‌മകൾ പരിഹരിച്ച് വർധിത വീര്യത്തോടെ ഞങ്ങൾ തിരിച്ചുവരും,” അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായാണ് ഒരു സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരസ്യമായി അംഗീകരിക്കുന്നത്. നേരത്തേ ഇക്കാര്യം തന്നെ സിപിഎം സംസ്ഥാന സമിതിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു.
















