ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രൊജക്ട് കുശയുടെ ആദ്യ മിസൈലായ 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കാവുന്ന കുശ എം1 മിസൈല്‍ വിജയകരമായതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധസംവിധാനം 2028ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയ്‌ക്ക് സ്വന്തം എസ് 400 ലഭിയ്‌ക്കാറായി എന്നര്‍ത്ഥം.
ഇനി പ്രൊജക്ട് കുശയില്‍ രണ്ട് മിസൈല്‍ കൂടി പരീക്ഷിക്കേണ്ടതുണ്ട്. ഇതില്‍ 250 കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെയും മിസൈലുകളെയും ജെറ്റുകളെയും തകര്‍ക്കുന്ന കുശ എം2 2026 ഡിസംബറോടെയും 400 കിലോമീറ്റര്‍ വരെ അകലെയുള്ള അവാക്സ് യുദ്ധവിമാനങ്ങളെയും ആകാശത്ത് വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാവുന്ന യുദ്ധവിമാനങ്ങളെയും തകര്‍ക്കുന്ന കുശ എം3 2027ല്‍ യാഥാര്‍ത്ഥ്യമാകും. പിന്നീട് ഇവയെ റഡാറും ഇലക്ട്രോണിക് സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ 2028ല്‍ പൂര്‍ത്തിയാക്കാനാവും. അതെ അതോടെ ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന്‍ ചക്ര യാഥാര്‍ത്ഥ്യമാകും. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ ആണ് കുശ മിസൈലുകള്‍ തയ്യാറാക്കുന്നത്. ഇതോടെ ദീര്‍ഘദൂര വ്യോമപ്രതിരോധത്തിന് റഷ്യയുടെ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനത്തെ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്ക് സ്വന്തം വ്യോമപ്രതിരോധം സംവിധാനമായ സുദര്‍ശന്‍ ചക്ര 2028ല്‍ യഥാര്‍ത്ഥ്യമാകും.
വ്യോമപ്രതിരോധസംവിധാനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ പ്രധാന പ്രശ്നം ആവശ്യമുള്ള സമയത്ത് ഇത് ലഭിക്കുന്നില്ല എന്നതും ഇതിന് തീവില നല്‍കേണ്ടി വരുന്നു എന്നതുമാണ്. ഉദാഹരണത്തിന് റഷ്യയില്‍ നിന്നും അഞ്ച് എസ് 400 കിട്ടാന്‍ ഇന്ത്യ 2018ല്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും 2026 ആയിട്ടും ഇന്ത്യയ്‌ക്ക് ഇതുവരെ റഷ്യയില്‍ നിന്നും ലഭിച്ചത് നാല് എസ് 400കള്‍ മാത്രമാമ്. അഞ്ചാമത്തെ എസ് 400 ഈ വര്‍ഷം അവസാനം ലഭിക്കും. പക്ഷെ ഇതിന് നല്‍കിയ വില എത്രയെന്നോ? അഞ്ച് എസ് 400ന് ഏകദേശം 27000 കോടി രൂപയാണ്. ഇതില്‍ ഉപയോഗിക്കുന്ന ഒരു മിസൈലിന് 100 കോടി രൂപയാണ് വില. പക്ഷെ തദ്ദേശീയമായി നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു മിസൈല്‍ ഏകദേശം 50 കോടി രൂപയ്‌ക്ക് തയ്യാറാക്കാനാവും. മാത്രമല്ല, സംവിധാനങ്ങള്‍ തുടര്‍ച്ചയായി കാലത്തിനൊത്ത് പരിഷ്കരിക്കാനും ഇതിലെ മിസൈലുകളുടെ ദൂരപരിധി കൂട്ടാനും സ്ഫോടനശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് അനായാസം കഴിയും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെതായ വ്യോമപ്രതിരോധസംവിധാനമുണ്ട്. യുഎസിന് അത് പേട്രിയറ്റ് മിസൈല്‍, താഡ് മിസൈല്‍ സംവിധാനങ്ങളാണെങ്കില്‍ റഷ്യയ്‌ക്ക് എസ് 400ഉം എസ് 500ഉം ഉണ്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അയേണ്‍ ഡോം ആണ്. ചൈനയുടേത് എച്ച് ക്യു 9 ആണ്. ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ളത് ആകാശത്ത് 80 കിലോമീറ്റര്‍ അകലെയുള്ള ഡ്രോണുകളെയും ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന ആകാശ് വ്യോമപ്രതിരോധസംവിധാനം മാത്രമാണ്. പക്ഷെ ആധുനിയ യുദ്ധമുഖങ്ങളില്‍ ഇത് പോരാതെ വരും. അതുകൊണ്ടാണ് റഷ്യയുടെ എസ് 400 വാങ്ങിയത്. 400 കിലോമീറ്റര്‍ അകലെ വരെയുള്ള യുദ്ധവിമാനങ്ങളേയും അവാക്സ് പോലുള്ള യുദ്ധവിമാനങ്ങളേയും തകര്‍ക്കാന്‍ എസ് 400ന് സാധിക്കും. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആകാശഭീഷണികളെ തകര്‍ക്കാന്‍ എസ് 400 വലിയൊരളവില്‍ ഇന്ത്യയെ സഹായിച്ചിരുന്നു.
ഇന്ത്യയുടെ സ്വന്തം സുദര്‍ശന ചക്രയിലേക്കുള്ള നിര്‍ണ്ണായക വിജയമായിരുന്നു കഴിഞ്ഞ ദിവസം ഡിആര്‍ഡിഒ പീക്ഷിച്ച കുശ എം1 മിസൈല്‍. കൃത്യമായി 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഈ മിസൈല്‍ തകര്‍ത്തു. പ്രൊജക്ട് കുശ പദ്ധതിയില്‍ ദൂരപരിധിയുടെ വ്യത്യാസമനുസരിച്ച് മൂന്ന് തരം മിസൈലുകള്‍ ഉണ്ട്. 150 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം1, 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2, പിന്നെ 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3 എന്നിവയാണ് പ്രൊജക്ട് കുശയിലെ മൂന്ന് മിസൈലുകള്‍..ഇതില്‍ കുശ എം1ന് 150 കിലോമീറ്റര്‍ വരെ അകലെയുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയും. 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം2 മിസൈലിന് ഈ ദൂരപരിധിക്കുള്ളിലുള്ള ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, ജെറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാനാവും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള കുശ എം3യ്‌ക്ക് 400 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള ശത്രുവിന്റെ അവാക്സ് യുദ്ധവിമാനങ്ങളേയും ഇന്ധനം കൊണ്ടുപോകുന്ന വിമാനങ്ങളെയും വരെ തകര്‍ക്കാനാവും. കുശ എം2 ഏകദേശം 2026 ഡിസംബറിന് മുന്‍പ് പരീക്ഷിക്കും. 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള എം3 2027ല്‍ പൂര്‍ത്തിയാക്കും. ഈ മൂന്ന് മിസൈലുകളും ചേര്‍ന്നുള്ള കുശ എന്ന വ്യോമപ്രതിരോധസംവിധാനം 2028ല്‍ പ്രവര്‍ത്തനക്ഷമമാകും. ഇന്ത്യയുടെ ആകാശസുരക്ഷയ്‌ക്കുള്ള വന്‍ചുവടുവെയ്‌പാണ് കുശ എം1ന്റെ വിജയകരമായ പരീക്ഷണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു.
ഇതോടെ വ്യോമപ്രതിരോധസംവിധാനം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയില്‍ നിന്നും ഇന്ത്യ വ്യോമപ്രതിരോധസംവിധാനത്തിന്റെ കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ഥിതി 2028ല്‍ യാഥാര്‍ത്ഥ്യമാകും. .
















