
തിരുവനന്തപുരം: കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിന് സൃഷ്ടിച്ച തിരിച്ചടിയുടെ മുറിവുണങ്ങും മുമ്പ് അന്തരിച്ച യുവനേതാവിന്റെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിലും തിരിമറി ആരോപണം. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. ബിജു സ്മാരകമായ റെഡ് കെയര്‍ ആണ് പാതിവഴിയില്‍ മുടങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമാണ് സ്മാരകത്തിനായി സ്ഥലം വാങ്ങിയത്. 2020 നവംബറില്‍ കൊവിഡ് ബാധിച്ചാണ് പി. ബിജു മരിച്ചത്.
ബിജുവിന്റെ ഓര്‍മ്മയ്‌ക്കായി നിര്‍മ്മിക്കുന്ന കെട്ടിടം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതി, രക്തദാന ക്യാമ്പുകള്‍, ആംബുലന്‍സ് സര്‍വ്വീസ്, ലഹരിവിരുദ്ധ കാമ്പെയ്‌നുകള്‍ എന്നിവ ഏകോപിപ്പിക്കുന്ന ഒരു സേവന കേന്ദ്രമാക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. 2021ല്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇതിനായി തറക്കല്ലിടുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് പണികള്‍ പൂര്‍ണമായും നിലയ്‌ക്കുകയായിരുന്നു.
പുസ്തക വില്‍പനയും ബിരിയാണി ചലഞ്ചും പാഴ്‌വസ്തു ശേഖരണവുമടക്കം വിവിധ മാര്‍ഗങ്ങളിലൂടെ കോടികള്‍ പിരിച്ചെടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വലിയ തോതിലുള്ള ഫണ്ട് സമാഹരണമാണ് നടത്തിയത്. സ്മാരക നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത കോടികള്‍ തിരിമറി നടത്തിയെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആക്ഷേപമുയരുന്നത് സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടയിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വലിയ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഫണ്ട് സമാഹരിച്ചത്. നിലവിലെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജൂഖാന്‍ എഡിറ്റ് ചെയ്ത യൗവ്വനത്തിന്റെ പുസ്തകം എന്ന പുസ്തകം 300 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. ഓരോ മേഖലാ കമ്മിറ്റികള്‍ക്കും ഇതിനായി പ്രത്യേക ക്വാട്ട നിശ്ചയിച്ചിരുന്നു. ദേശീയ സെക്രട്ടറി എ.എ. റഹീമിന്റെ നേതൃത്വത്തില്‍ പ്രത്യേക കലണ്ടറുകള്‍ പുറത്തിറക്കിയും പണം സമാഹരിച്ചു. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തിയും, ബിരിയാണി ചലഞ്ചുകള്‍ സംഘടിപ്പിച്ചും ഓരോ മേഖലാ കമ്മിറ്റികളും ഫണ്ട് ശേഖരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറി.
അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്മാരകം യാഥാര്‍ത്ഥ്യമാകാത്ത സാഹചര്യത്തില്‍ പിരിച്ചെടുത്ത തുകയുടെ കണക്കുകള്‍ പുറത്തുവിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശക്തമായ ആവശ്യമുയരുന്നുണ്ട്. ഇതിനുപുറമെ ഫണ്ട് തിരിമറി സംബന്ധിച്ച ഗുരുതര ആരോപണങ്ങളും നിലനില്‍ക്കുന്നു.
പാളയം ഏരിയ കമ്മിറ്റിയുടെ കീഴില്‍ പിരിച്ചെടുത്ത 11 ലക്ഷം രൂപയില്‍ നിന്ന് ആംബുലന്‍സ് വാങ്ങാനായി മാറ്റിവെച്ച 5 ലക്ഷം രൂപ ഒരു സംസ്ഥാന നേതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വകമാറ്റി ചെലവഴിച്ചുവെന്നതാണ് പ്രധാന ആരോപണം. ജില്ലാ കമ്മറ്റിയിലും ഏരിയ കമ്മറ്റികളിലും വിഷയം ചര്‍ച്ചയായതോടെ ഫണ്ട് കൈകാര്യം ചെയ്ത ഒരു ഏരിയ കമ്മറ്റിയംഗത്തിനെതിരെ നടപടിയെടുത്ത് നേതൃത്വം തലയൂരി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കായിരുന്നു സ്മാരകത്തിന്റെ നിര്‍മ്മാണ ചുമതല. പദ്ധതി അനന്തമായി നീളുന്നത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കും നിരാശയ്‌ക്കും കാരണമായിട്ടുണ്ട്.