Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

Published by
രജി ചന്ദ്രശേഖര്‍

സീതയുമായുള്ള വിവാഹവും സഹോദരന്മാരുടെ വിവാഹങ്ങളും കഴിഞ്ഞ് ദശരഥനും പുത്രന്മാരും മിഥിലയില്‍ നിന്ന് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഭൂമി വിറയ്‌ക്കുന്നതുപോലെ ഒരു മഹാതേജസ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതു ഭൃഗുവംശജനായ പരശുരാമനായിരുന്നു. ശിവധനുസ്സ് ഒടിഞ്ഞ വാര്‍ത്ത അദ്ദേഹത്തെ രോഷാകുലനാക്കിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന വൈഷ്ണവധനുസ്സ് രാമന് നല്‍കി, അതില്‍ ഞാണ്‍കെട്ടി വിക്രമം തെളിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

രാമന്‍ ശാന്തനായി ആദരവോടെ ധനുസ്സ് ഏറ്റുവാങ്ങി അനായാസം ഞാണ്‍ ബന്ധിച്ച് അമ്പുതൊടുത്തു. തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു സാധാരണ രാജകുമാരനല്ല, യുഗധര്‍മ്മം സ്ഥാപിക്കാന്‍ അവതരിച്ച പരമപുരുഷനാണെന്ന് പരശുരാമന്‍ മനസ്സിലാക്കി. കോപം അലിഞ്ഞു; അഹങ്കാരം അടങ്ങി; അനുഗ്രഹം നല്‍കി അദ്ദേഹം മഹേന്ദ്രപര്‍വതത്തിലേക്ക് മടങ്ങി.

ജീവിതത്തില്‍ കഴിവ് തെളിയിക്കേണ്ട നിമിഷങ്ങള്‍ വരും. എന്നാല്‍ ആ നിമിഷങ്ങളില്‍ ശാന്തത കൈവിടാതെ നില്‍ക്കുന്നവരാണ് യഥാര്‍ഥ വിജയികള്‍. രാമന്‍ പരശുരാമനെ തോല്‍പ്പിച്ചില്ല; അദ്ദേഹത്തിന്റെ മനസ്സിലെ സംശയമാണ് മാറ്റിയത്.
രാമസ്പര്‍ശം: ശക്തി ബഹുമാനം നേടും; വിനയം ഹൃദയം നേടും.