
പിതാവിനെ ബന്ധനസ്ഥനാക്കാന്‍പോലും സന്നദ്ധനാണ് ലക്ഷ്മണന്‍. കാര്യമില്ലാത്തതിനു മുതിര്‍ന്നാല്‍ ആചാര്യനുപോലും ശിക്ഷ നല്‍കേണ്ടിവരും. ലജ്ജയില്ലാതെ വാക്കുമാറ്റിയിരിക്കുന്നു ദശരഥന്‍.മന്ഥരയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് ഭരതനുവേണ്ടി രാജ്യം ചോദിക്കാന്‍ കൈകേയി തയാറായതിന്റെ ഫലം. രാമകുമാരനോളം പ്രിയം മറ്റാരോടുമില്ലെന്നു പറഞ്ഞ അതേ കൈകേയി !
അങ്ങനെ എല്ലാം വിട്ടുകൊടുക്കാനാകുമോ? ശത്രുക്കളെ യമപുരിക്കയച്ചിട്ടാണെങ്കിലും രാമന്റെ രാജ്യാഭിഷേകം നടത്താന്‍ ലക്ഷ്മണന്‍ സന്നദ്ധന്‍.
അനീതിയോടുള്ള അടങ്ങാത്ത അമര്‍ഷവും ജ്യേഷ്ഠനോടുള്ള സ്‌നേഹാധിക്യവും നിലമറന്നുള്ള ക്രോധത്തിലേക്കു നയിക്കുകയാണു ലക്ഷ്മണനെ. മൂലോകവും ദഹിപ്പിക്കാനുതകുന്ന ആ ക്രോധാഗ്‌നിക്കുമേല്‍ പരമശാന്തനും പക്വമതിയുമായ ഭ്രാതാവിന്റെ വചനങ്ങള്‍ കുളിര്‍മഴയാകുന്നു. തീയില്‍ പഴുത്ത ലോഹത്തില്‍ പതിക്കുന്ന ജലബിന്ദു പോലെ ക്ഷണികമാണ് മനുഷ്യജന്മം. ധനം, ഐശ്വര്യം, യൗവനം എല്ലാം അസ്ഥിരം, അനിശ്ചിതം. പാമ്പിന്റെ വായിലകപ്പെട്ട തവള ഭക്ഷണം തേടുന്നതുപോലെ
കാലത്തിന്റെ പിടിയിലമര്‍ന്നവരുടെ ഭോഗതൃഷ്ണകള്‍ – അനുജനെ ശാന്തനാക്കുന്ന ജീവിതചിന്തയുടെ തത്ത്വസംഹിത.