കോട്ടയം: സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്ന് മരിച്ച ജിയോളജിസ്റ്റ് മണര്‍കാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇന്നലെ ഉച്ചയോടെയാണ് സിക്കിമില്‍ നിന്ന് മൃതദേഹവുമായി ആംബുലന്‍സ് കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് നോര്‍ക്കയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരുന്നു. അവിടെ നിന്ന് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലും തുടര്‍ന്ന് ആംബുലന്‍സില്‍ നാട്ടിലേക്കു കൊണ്ടുവരും. കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ വീട്ടില്‍ സംസ്‌കാരവും ഇന്നു നടന്നേക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്കയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്കാണ് തെക്കന്‍ സിക്കിമിലെ നാംചി ജില്ലയിലുള്ള തുരങ്കത്തില്‍ അപകടമുണ്ടായത്. ബുധനാഴ്ച അര്‍ധരാത്രിയോടെ അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇതുവരെ 20 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച്‌പേരുടേത് കൂടി കണ്ടെത്താനുണ്ട്. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷ (എന്‍എച്ച്പിസി) നിലെ ഉദ്യോഗസ്ഥരും നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയത്. ജിയോളജിസ്റ്റായ അനീഷ് എന്‍എച്ച്പിസി സിക്കിം യൂണിറ്റിന്റെ സീനിയര്‍ മാനേജരായിരുന്നു.
അനീഷ് പഠിച്ച കോട്ടയം ഗവ. കോളജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രിയില്‍ വിളിച്ച് എന്‍എച്ച്പിസി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണ് അപകടവിവരം നാട്ടില്‍ അറിഞ്ഞത്. അനീഷിന്റെ, അബുദാബിയിലുള്ള സഹോദരന്‍ ബിനീഷിനെയും കമ്പനി അധികൃതര്‍ വിളിച്ചു. അനീഷിന്റെ ഭാര്യ ഡോ. സംഗീതയെയും സഹോദരനെയും എന്‍എച്ച്പിസി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ സിക്കിമില്‍ എത്തിച്ചിരുന്നു.
കോട്ടയം ഗവ. കോളജില്‍നിന്ന് 2001-2004 വര്‍ഷത്തില്‍ ബിരുദവും 2004-06 വര്‍ഷം ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011-ലാണ് എന്‍എച്ച്പിസിയില്‍ ഹരിയാനയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറ ചൈതന്യ നഗറിലെ വീട്ടിലേക്ക് താമസം മാറി. മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടില്‍, തോട്ടയ്‌ക്കാട് ഗവ. ഹൈസ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അച്ഛന്‍ പി.കെ. മോഹനനും അദ്ധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്.














