വിശ്വാമിത്രനോടൊപ്പം ശ്രീരാമനും ലക്ഷ്മണനും മിഥിലയിലെത്തിയപ്പോള്‍ അവിടെ രാജാവ് ജനകന്‍ സീതയുടെ സ്വയംവരം പ്രഖ്യാപിച്ചിരുന്നു. ആര്‍ക്കെങ്കിലും മഹാദേവന്റെ അതിശക്തമായ ധനുസ്സ് ഉയര്‍ത്തി ഞാണ്‍ ബന്ധിക്കാനായാല്‍ സീതയെ വിവാഹം ചെയ്യാം. അനേകം രാജാക്കന്മാരും വീരന്മാരും ശ്രമിച്ചെങ്കിലും ആ ധനുസ്സ് അനക്കാന്‍ പോലും കഴിഞ്ഞില്ല.
വിശ്വാമിത്രന്റെ നിര്‍ദേശപ്രകാരം രാമന്‍ മുന്നോട്ട് വന്നു. ശക്തി പ്രകടിപ്പിക്കാനോ മറ്റുള്ളവരെ തോല്‍പ്പിക്കാനോ അല്ല, ഗുരുവിന്റെ ആജ്ഞ അനുസരിക്കാനാണ് അദ്ദേഹം ധനുസ്സിനെ സമീപിച്ചത്. രാമന്‍ ധനുസ്സ് ഉയര്‍ത്തി ഞാണ്‍കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അത് രണ്ടായി ഒടിഞ്ഞു. ആ നിമിഷം മിഥില മുഴുവന്‍ വിസ്മയത്തിലായി. തുടര്‍ന്ന് സീത, രാമന്റെ കഴുത്തില്‍ വരണമാല അണിയിച്ചു. രണ്ടു മഹത്തായ ജീവിതങ്ങള്‍ ധര്‍മ്മത്തിന്റെ വഴിയില്‍ ഒത്തുചേര്‍ന്ന മുഹൂര്‍ത്തമായിരുന്നു അത്.
യഥാര്‍ഥ ശക്തി ശബ്ദമുണ്ടാക്കുന്നില്ല. അത് ആവശ്യമായ നിമിഷത്തില്‍ മാത്രം സ്വയം വെളിപ്പെടുത്തുന്നു. വിനയത്തോടൊപ്പം ചേരുന്ന കഴിവാണ് മനുഷ്യനെ മഹാനാക്കുന്നത്.
രാമസ്പര്‍ശം: വിനയമുള്ള ശക്തിയാണ് ഏറ്റവും വലിയ ശക്തി.
















