Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റിലെ പൊലീസ് വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു പോലീസുകാരൻ വിചാരിച്ചാൽ ഒരു പ്രതിയേയും രക്ഷിക്കാൻ കഴിയില്ല. ഇവിടെ സാധാരണക്കാരെ സംരക്ഷിക്കാൻ കോടതികളുണ്ടെന്ന ഓർമ്മവേണമെന്നും ഹൈക്കോടതി വിമർശിച്ചു.

ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാനാണോ പോലീസ് ശ്രമിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മേല്‍നോട്ട ചുമതലയുള്ള എസ്പിയെയും ഹൈക്കോടതി വിമർശിച്ചു. എന്താണ് ഒരു കേസിന്റെ മേൽനോട്ടം എന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ എംകെ റാമിന്റെ ആദ്യ അറസ്റ്റിലുണ്ടായ വീഴ്‌ചയിൽ വിശദീകരണം നൽകുന്നതിനായാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായത്.

കോടതിമുറിയിൽ നടപടികൾ പുരോഗമിക്കവെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിക്കുകയും മൈക്ക് ഓൺ ചെയ്യിപ്പിക്കുകയും ചെയ്‌തു.

സുപ്രധാനമായ കേസുകൾ വരുമ്പോൾ എന്തിനാണ് മൈക്ക് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ചില ചാനലുകൾ കോടതി നടപടികൾ റെക്കോർഡ് ചെയ്‌ത് ഗ്രൂപുകളിൽ പ്രചരിപ്പിക്കുന്നതിനാലാണ് മൈക്ക് ഓഫ് ചെയ്യേണ്ടിവന്നതെന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്.

കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പോലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Recent Posts