തിരുവനന്തപുരം: കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റേതുള്‍പ്പെടെ 10 പ്രമുഖരുടെ പ്രതിമകള്‍ സ്ഥാപിക്കാനുള്ള മുന്‍തീരുമാനം ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. കാര്യവട്ടം കാമ്പസിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കാമ്പസ്സില്‍ 10 പ്രമുഖരുടെ പ്രതിമകളും പൂന്തോട്ടവും നിര്‍മിക്കാന്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതിനായി സര്‍വകലാശാലയുടെ ബജറ്റില്‍ രണ്ടുകോടി രൂപ നീക്കിവെച്ചിരുന്നു.
ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, സര്‍ ഐസക്ക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, മേരി ക്യൂറി, സി വി രാമന്‍, കൂടാതെ, ചിന്തകരായ സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍, കാള്‍ മാര്‍ക്‌സ്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ എന്നീ 10 പ്രമുഖരുടെ പ്രതിമകളാണ് കാമ്പസില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന്റെയും ഫൈന്‍ ആര്‍ട്‌സ് കോളജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനയായ ആര്‍ട്ടേജിന്റെയും സഹകരണത്തോടുകൂടി സ്ഥാപിക്കുന്ന സ്‌കള്‍പ്ചര്‍ ഗാര്‍ഡന്‍ സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട്, എന്‍ജിനീയറിങ് കോളജിലെ പ്രൊഫസര്‍ പ്രിയാഞ്ജലി പ്രഭാകരന്‍ കഴിഞ്ഞമാസം ചേര്‍ന്ന പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.
എന്നാല്‍, ലോകത്ത് പല കേന്ദ്രങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുന്ന കാറല്‍ മാര്‍ക്‌സിന്റെ പ്രതിമ കാര്യവട്ടം കാമ്പസില്‍ സ്ഥാപിക്കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഓട്ടോണമസ് കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു
കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിക്കുന്നത് ഗവര്‍ണറുടെ നോമിനികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആദ്യം മുതലേ എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ അവഗണിച്ചാണ് അന്ന് തീരുമാനം എടുത്തത്.
ഇന്നലത്തെ യോഗത്തിലും ഇത് ആവര്‍ത്തിച്ചതിനാലാണ് സിന്‍ഡിക്കേറ്റ് യോഗം പുന:പരിശോധിച്ചതും പ്രതിമ ഒഴിവാക്കി ഗാര്‍ഡന്‍ നിര്‍മാണവുമായി മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചതെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.
എസ്. ഗോപകുമാറും ഡോ. വിനോദ് കുമാര്‍ ടി.ജി. നായരും പറഞ്ഞു.













